തൃശൂർ
അവർക്കിനി ഉരുൾപ്പൊട്ടലിന്റെയും മലവെള്ളപ്പാച്ചിലിന്റെയും ഭീതിയില്ല. സർക്കാരും സുമനസ്സുകളും കൈകോർത്തപ്പോൾ ലഭിച്ചത് ചവിട്ടിനിൽക്കാൻ ഭൂമിയും അന്തിയുറങ്ങാൻ വീടും. ഉത്രാടനാളിൽ മന്ത്രി കെ രാധാകൃഷ്ണിൽനിന്ന് വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ അമ്മമാർ മനസിൽ ആഹ്ളാദപൂക്കളമിട്ടു. ദേശമംഗലം പള്ളം കൊറ്റമ്പത്തൂർ കോളനിനിവാസികൾക്ക് ഈ വർഷം പുതുവീട്ടിൽ പൊന്നോണം.
2018ലെ പ്രളയത്തിൽ ആഗസ്ത് 16നാണ് കൊറ്റമ്പത്തൂരിൽ ഉരുൾപൊട്ടിയത്. അർധരാത്രിയുണ്ടായ ദുരന്തത്തിൽ നാല് യുവാക്കളുടെ ജീവൻ പൊലിഞ്ഞു. എല്ലാം നഷ്ടപ്പെട്ട 19 കുടുംബത്തെ സർക്കാർ പുനരധിവസിപ്പിച്ചു.മൂന്നുവർഷമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്നുവെന്ന് കൊറ്റമ്പത്തൂർ കോളനിയിലെ അനിൽകുമാർ പറഞ്ഞു. ചിലർ ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും മാറിയിരുന്നു.
മന്ത്രി കെ രാധാകൃഷ്ണൻ, സിപിഐ എം നേതാക്കളായ കെ പി രാധാകൃഷ്ണൻ, കെ കെ മുരളീധരൻ, അന്ന് എംഎൽഎയായിരുന്ന യു ആർ പ്രദീപ് എന്നിവരുടെ ഇടപെടലിൽ ഡോ.എം രാമകൃഷ്ണനാണ് വീട് നിർമാണത്തിനായി രണ്ടേക്കറോളം ഭൂമി സൗജന്യമായി നൽകിയത്.
ഭൂമി നിരപ്പാക്കി സംരക്ഷണ ഭിത്തി കെട്ടുന്നതിന് എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽനിന്നും 28 ലക്ഷം അനുവദിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ വി നഫീസ ഇടപ്പെട്ട് 1,40,000 രൂപ കൂടി അനുവദിച്ചു. ഓരോ കുടുംബത്തിനും അഞ്ചുസെന്റ് വീതം ഭൂമി നൽകി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാലു ലക്ഷം രൂപ വീതം അനുവദിച്ചു. 2,30,100 രൂപ വീതം എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ് ഇടപ്പെട്ട് എല്ലാ വീട്ടിലും വൈദ്യുതിയും ജലജീവൻ പദ്ധതി വഴി കുടിവെള്ളവും എത്തിച്ചു. ഇതോടെ 19 കുടുംബത്തിന് ഓണനാളിൽ ഗൃഹപ്രവേശം.