തിരുവനന്തപുരം> കോവിഡിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ സർക്കാർ അനുവദിച്ചു. മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 18 വയസ്സുവരെ പ്രതിമാസം 2000 രൂപയും അനുവദിക്കും. കുട്ടികളുടെ ബിരുദംവരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വഹിക്കും.
ആനുകൂല്യത്തിനർഹരായ 87 കുട്ടികളുണ്ട്. ഐസിഡിഎസ് ജീവനക്കാർ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ കുട്ടികളുടെ സ്ഥിതി വിലയിരുത്തി ശിശുസംരക്ഷണ സമിതിക്ക് റിപ്പോർട്ട് നൽകി.
കോവിഡ് ബാധിച്ച് അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികൾ, കോവിഡ് നെഗറ്റീവായി മൂന്നു മാസത്തിനകം അനുബന്ധ ശാരീരികപ്രശ്നങ്ങളാൽ മരിച്ചവരുടെ കുട്ടികൾ, അച്ഛനോ അമ്മയോ മുമ്പ് മരിക്കുകയും കോവിഡ്മൂലം നിലവിലുള്ള ഏക രക്ഷിതാവും മരിച്ചവർ, അമ്മയോ അച്ഛനോ നേരത്തേ ഉപേക്ഷിച്ച് ഇപ്പോൾ ഏക രക്ഷിതാവ് കോവിഡ്മൂലം മരിച്ചവർ, അമ്മയും അച്ഛനും മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുകയും ഈ ബന്ധു കോവിഡ്മൂലം മരിക്കുകയും ചെയ്ത കുട്ടികൾ എന്നിവർക്കാണ് കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം.
സർക്കാർ ജീവനക്കാർക്കുള്ള കുടുംബ പെൻഷൻ ലഭിക്കുന്നവരെ പരിഗണിക്കില്ല. നിലവിൽ കുട്ടിയെ സംരക്ഷിക്കുന്നവർ ധനസഹായം ആവശ്യമില്ലെന്ന് അറിയിച്ചാലും പരിഗണിക്കില്ല. എന്നാൽ, കുട്ടിക്ക് 18 വയസ്സാകുന്നതിന് മുമ്പ് രക്ഷിതാക്കൾക്ക് സ്കീമിൽ ചേർന്ന് ബാക്കി കാലയളവിൽ സഹായം സ്വീകരിക്കാം.
വനിതാ ശിശു വികസന സെക്രട്ടറി ചെയർപേഴ്സനും ഡയറക്ടർ കൺവീനറുമായി മേൽനോട്ട സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ശിശുസംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്യുന്നതിൽ എന്തെങ്കിലും സംശയമുണ്ടായാൽ സമിതി അന്തിമ തീരുമാനമെടുക്കും. കുട്ടികളുടെ ക്ഷേമത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
അർഹർക്ക് അറിയിക്കാം
പദ്ധതിയിൽ ചേരാൻ അർഹരായവർ ശേഷിക്കുന്നുണ്ടെങ്കിൽ അറിയിക്കാം. വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിലെ ശിശുസംരക്ഷണ യൂണിറ്റുകളെ ബന്ധപ്പെടണം.