കുന്നംകുളം> വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവച്ച് പണം തട്ടുന്ന അഞ്ചംഗസംഘത്തെ കുന്നംകുളം അസി. പൊലീസ് കമീഷണർ ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചിറ്റഞ്ഞൂർ കാവിലക്കാട് കോഴിപ്പറമ്പിൽ വിപിൻ (32), നടത്തറ ചുളയില്ല പ്ലാക്കൽ ഷെറിൻ തോമസ് (31), കാണിപ്പയ്യൂർ ചെന്നെങ്ങാട്ടു അമീർ മുഹമ്മദ് (36) ചൊവ്വന്നൂർ അമ്മാട്ട് സുരേഷ് (മാമു -44) തിരൂർ പഞ്ഞൻ മാർഷൽ (25) എന്നിവരാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.
കുന്നംകുളം ചിറളയം സ്വദേശി ഏറത്ത് ഷനിൽകുമാറിന്റെ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിപിൻ 15 ദിവസം ഉപയോഗിക്കാനെന്ന് പറഞ്ഞ് ഷാനിൽകുമാറിൽ നിന്നും സ്വിഫ്റ്റ് കാർ വാടകയ്ക്ക് വാങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും വാഹനത്തെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെ തുടർന്ന് കുന്നംകുളം പൊലീസിൽ *പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ വാടകയ്ക്കെടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ സമാന രീതിയിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒന്നാംപ്രതി വിപിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ബാക്കി പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വിവിധഭാഗങ്ങളിൽ പ്രതികൾ വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയപ്പെടുത്തി പണം തട്ടുന്നതിനെക്കുറിച്ച് വിവരം ലഭിച്ചത്. കുറഞ്ഞ ദിവസത്തിനായി വാഹനങ്ങൾ വാടകയ്ക്കെടുത്ത് വിവിധ സ്ഥലങ്ങളിൽ പണയം വയ്ക്കും. തുടർന്ന് വാഹന ഉടമ വിളിക്കുമ്പോൾ അടുത്തദിവസം എത്തിക്കാമെന്ന് പറയുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് പ്രതികൾ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.