കാബൂൾ
അഫ്ഗാൻ ഗ്രാമങ്ങൾ കീഴടക്കിയ താലിബാൻ തദ്ദേശീയ ന്യൂനപക്ഷക്കാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്. ഘാസ്നി പ്രവിശ്യയിലെ മുണ്ടറാഖ്ത് ഗ്രാമത്തില് ഹസാര ന്യൂനപക്ഷവിഭാഗത്തിലെ ഒമ്പത് പരുഷന്മാരെ വധിച്ചു. ആറുപേരെ വെടിവച്ചും മൂന്നുപേർ കൊടിയ പീഡനത്തിന് ഇരയാക്കിയുമാണ് കൊന്നത്.
താലിബാന്റെ മുൻ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ക്രൂരതയാണ് അരങ്ങേറിയതെന്നും അഫ്ഗാന്‍ ന്യൂനപക്ഷം ഭയചകിതരാണെന്നും റിപ്പോര്ട്ടില് പറയുന്നു.
ജർമൻ ടിവിക്കുവേണ്ടി പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമപ്രവർത്തകന്റെ കുടുംബാംഗത്തെ താലിബാൻ വധിച്ച വാർത്തയും പുറത്തുവന്നു. താലിബാനെക്കുറിച്ചുള്ള ഭയാശങ്കകൾ ശരിവയ്ക്കുന്നതാണ് ഇത്തരം സംഭവങ്ങള്.പുറത്തുവരാത്ത ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.പരസ്യമായി തൂക്കിലേറ്റുന്നതും കൈ വെട്ടിമാറ്റുന്നതും കല്ലെറിഞ്ഞ് കൊല്ലുന്നതുമുൾപ്പെടെയുള്ള പ്രാകൃത ശിക്ഷാനടപടികളാണ് താലിബാൻ മുന് ഭരണകാലത്ത് നടപ്പാക്കിയത്.