ന്യൂഡൽഹി> കോവിഡ് പ്രതിസന്ധി മറികടന്ന് ആഭ്യന്തര ക്രിക്കറ്റ് കളം ഉണരുന്നു. സെപ്തംബറിൽ ആഭ്യന്തര സീസണ് തുടക്കമാകുമെന്ന് ബിസിസിഐ അറിയിച്ചു. രഞ-്ജി ട്രോഫി ക്രിക്കറ്റ് അടുത്തവർഷം ജനുവരി അഞ്ചുമുതൽ മാർച്ച് 20 വരെ നടക്കും. മറ്റ് ചാമ്പ്യൻഷിപ്പുകൾ ഈ വർഷമാണ്.
രഞ്-ജി ട്രോഫി ആദ്യം നിശ്ചയിച്ചിരുന്നത് ഈ വർഷം നവംബർ 16 മുതൽ ഫെബ്രുവരി 19 വരെയായിരുന്നു. എന്നാൽ ഒരുക്കത്തിന് കൂടുതൽ സമയം വേണമെന്ന സംസ്ഥാന അസോസിയേഷനുകളുടെ ആവശ്യത്തെ തുടർന്ന് തീയതി മാറ്റുകയായിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവ രഞ്-ജിക്കുമുമ്പ് നടക്കും.മുഷ്താഖ് അലി ട്വന്റി–20 ഒക്ടോബർ 27 മുതൽ നവംബർ 22 വരെയാണ്. വിജയ് ഹസാരെ ഏകദിന ചാമ്പ്യൻഷിപ് ഡിസംബർ ഒന്നുമുതൽ 29 വരെ.
മൂന്ന് ചാമ്പ്യൻഷിപ്പുകളിലും ആറ് ടീമുകൾ ഉൾപ്പെട്ട അഞ്ച് എലെറ്റ് ഗ്രൂപ്പുകളാണുള്ളത്. എട്ട് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പും. എലെറ്റ് ഗ്രൂപ്പുകളിലെ ഒന്നാംസ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിൽ കടക്കും. മികച്ച രണ്ടാംസ്ഥാനക്കാരും പ്ലേറ്റ് ഗ്രൂപ്പിലെ ചാമ്പ്യനും ഉൾപ്പെട്ട മൂന്ന് പ്രീ ക്വാർട്ടർ മത്സരങ്ങളുമുണ്ടാകും. ഇതിലെ ജേതാക്കളുംകൂടി ചേർന്നതാണ് ക്വാർട്ടർ ലെെനപ്പ്. സെപ്തംബറിൽ അണ്ടർ 19 വിനൂ മങ്കാദ് ട്രോ-ഫിയും അണ്ടർ 19 വനിതാ ഏകദിന ചാമ്പ്യൻഷിപ്പും നടക്കും. കൂച്ച് ബെഹാർ, വിജയ് മർച്ച് ട്രോ-ഫി എന്നിവ അടുത്തവർഷമാണ്.