കൊച്ചി > വഴിയരികിൽ മാലന്യം തള്ളുന്നത് തടയാൻ ശ്രമിച്ച വനിതാ കൗൺസിലറെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് മേയർ എം അനിൽകുമാർ. ക്രിമിനൽ സംഘങ്ങൾ ശുചിമുിറി മാലിന്യം വരെ തള്ളുന്നു. പൊലീസ് ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളി നോർത്ത് തട്ടാമ്പടി അമൃത സ്കൂളിന് സമീപം മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് കുന്നുപുറം വാർഡ് കൗൺസിലർ ജഗദംബികയ്ക്കും ഭർത്താവിനുമാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. രാത്രി കാറിലെത്തിയ സ്ത്രീ, മാലിന്യം റോഡിൽ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇത് തടഞ്ഞു. വാക്കേറ്റമായതിനെത്തുടർന്ന് ഇവർ സഹോദരങ്ങളെ ഫോണിൽ വിളിച്ചു വരുത്തി. സംഭവമറിഞ്ഞ് എത്തിയ കൗൺസിലറെയും ഭർത്താവിനെയും യുവതിയുടെ സഹോദരൻ മർദിച്ചെന്നാണ് പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് കൗൺസിലർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അതിനിടെ മാലിന്യം തള്ളാനെത്തിയത് തടഞ്ഞതിനെ തുടർന്ന് വനിതാ കൗൺസിലറുടെ ഭർത്താവിനെ കാർ ഇടിച്ച് കൊലപ്പെടുതാൻ ശ്രമിച്ചതായി പരാതി ഉയർന്നിരുന്നു. കടവന്ത്ര കൗൺസിലർ സുജാ ലോനപ്പന്റെ ഭർത്താവ് സി വി ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ലോനപ്പനെ കാർ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മേയർ എം അനിൽകുമാർ ആവശ്യപ്പെട്ടത്.