കൊച്ചി > റോഡിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിനെ തുടർന്ന് നഗരത്തിൽ രണ്ടിടങ്ങളിൽ അക്രമം നടത്തിയതായി പരാതി. കോർപ്പറേഷൻ കുന്നുപുറം ഡിവിഷൻ കൗൺസിലറും, കടവന്ത്ര ഡിവിഷൻ കൗൺസിലറുടെ ഭർത്താവുമാണ് പരാതിയുമായി രംഗത്ത് വന്നത്. വ്യാഴാഴ്ച രാത്രി ഒൻപതിനാണ് സംഭവം നടന്നത്.
കടവന്ത്ര അമലാ റോഡിൽ കാറിലെത്തി പ്ലാസ്റ്റിക് ബാഗിലെ മാലിന്യം റോഡിലേക്ക് തള്ളുന്നത് കണ്ട കൗൺസിലർ സുജ ലോനപ്പന്റെ ഭർത്താവ് ലോനപ്പൻ ചോദ്യം ചെയ്തു. വാക്കേറ്റമായപ്പോൾ വേഗത്തിൽ മുന്നോട്ട് എടുത്ത കാർ ലോനപ്പന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു. ഇടിച്ചു വീഴ്ത്തിയ കാർ നിർത്താതെ പോയി. കാലിന്റെ എല്ലിന് പൊട്ടലുള്ളതിനാൽ ലോനപ്പൻ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടപ്പള്ളി നോർത്ത് തട്ടാമ്പടി അമൃത സ്കൂളിന് സമീപം മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് കുന്നുപുറം വാർഡ് കൗൺസിലർ ജഗദംബികയ്ക്കും ഭർത്താവിനും കഴിഞ്ഞ ദിവസം മർദനമേറ്റിരുന്നു. രാത്രി കാറിലെത്തിയ സ്ത്രീ, മാലിന്യം റോഡിൽ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇത് തടഞ്ഞു. വാക്കേറ്റമായതിനെത്തുടർന്ന് ഇവർ സഹോദരങ്ങളെ ഫോണിൽ വിളിച്ചു വരുത്തി. സംഭവമറിഞ്ഞ് എത്തിയ കൗൺസിലറെയും ഭർത്താവിനെയും യുവതിയുടെ സഹോദരൻ മർദിച്ചെന്നാണ് പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് കൗൺസിലർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.