ന്യൂഡൽഹി
കടൽക്കൊല കേസിൽ ബോട്ടുടമയ്ക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകുന്നത് സ്റ്റേചെയ്ത് സുപ്രീംകോടതി. നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന ബോട്ടിലെ ഏഴ് മത്സ്യത്തൊഴിലാളികളുടെ ഹര്‍ജിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം മറുപടി നല്കാന് ബോട്ടുടമയ്ക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും വി ബാലസുബ്രഹ്മണ്യനും ഉത്തരവിട്ടു.
ഇറ്റാലിയന്‍ സൈനികരുടെ വെടിയേറ്റ് 2012 ഫെബ്രുവരിയിലാണ് സെന്റ് ആന്റണി ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഇറ്റലി സർക്കാർ പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയ്യാറായതോടെ രണ്ട് സൈനികര്‍ക്കുമെതിരായ ഇന്ത്യയിലെ ക്രിമിനൽ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. നാലു കോടി വീതം കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികൾക്ക് നൽകാനും രണ്ടു കോടി ബോട്ടുടമയ്ക്ക് നൽകാനും ജൂൺ 15ന് ഉത്തരവിട്ടു. ജഡ്ജിയെ ചുമതലപ്പെടുത്തി നഷ്ടപരിഹാരം ഉചിതമായി വിതരണം ചെയ്യാന്‍ കേരള ഹൈക്കോടതിയോട് നിര്‍ദേശിച്ചു.
വെടിവയ്പില്‍ പരിക്കേറ്റിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മറ്റ് മത്സ്യത്തൊഴിലാളികൾ ജൂലൈ ഏഴിനാണ് കോടതിയിലെത്തിയത്. ഇവരെക്കൂടി കക്ഷിചേർക്കാതെ വിഷയം തീർപ്പാക്കാനാകില്ലെന്ന് കോടതി വ്യാഴാഴ്ച നിരീക്ഷിച്ചു. ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയുടെ ആവശ്യം അംഗീകരിച്ചില്ല. നോട്ടീസ് അയക്കാനും ഉത്തരവ് തങ്ങൾ വേണ്ടവിധം പരിഷ്കരിക്കാമെന്നും കോടതി വ്യക്തമാക്കി.