തിരുവനന്തപുരം
അയൽ സംസ്ഥാനത്തുനിന്ന് പച്ചക്കറി ലോറി വരുന്നതും നോക്കിയിരിക്കാതെ മലയാളികൾക്ക് ഇത്തവണ ഓണമുണ്ണാം. അതിനായി ടൺകണക്കിന് തനിനാടൻ പച്ചക്കറിയാണ് ഓണം ലക്ഷ്യമിട്ട് വിപണിയിൽ എത്തിയത്. സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലിന്റെ ഫലമായാണ് ഈ നേട്ടം. 2015–-2016ൽ 6.28 ലക്ഷം ടണ്ണായിരുന്ന ഉൽപ്പാദനം.
ഇത്തവണ 15.07 ലക്ഷം ടണ്ണായി. 8.79 ലക്ഷം ടണ്ണിന്റെ വർധന. ഇതോടെ തമിഴ്നാട്, കർണാടക മൊത്തവ്യാപാര ചന്തകളിൽ തിരക്ക് കുറഞ്ഞു. ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിക്കായുള്ള ഒരുക്കം നേരത്തേതന്നെ ആരംഭിച്ചു. 50 ലക്ഷം വിത്തുപായ്ക്കറ്റും ഒന്നരക്കോടി പച്ചക്കറി തൈയും സൗജന്യമായി നൽകി. നാട്ടിലെത്തിയ പ്രവാസികളും തൊഴിൽ നഷ്ടപ്പെട്ടവരും മണ്ണിൽ ഇറങ്ങിയതും ഒരു കാരണമാണ്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വിവിധ കൂട്ടായ്മകളും സംഘങ്ങളും കൃഷിയിറക്കിയതും നേട്ടമായി.
16 ഇനം പഴം–- പച്ചക്കറിക്ക് അടിസ്ഥാനവില പ്രഖ്യാപിച്ചതോടെ കർഷകർക്ക് മികച്ച വില ലഭിക്കാനും തുടങ്ങി. ഓണത്തിന്റെ ഭാഗമായി കൃഷിവകുപ്പ് 2000 പച്ചക്കറിച്ചന്തയാണ് തുടങ്ങിയത്. ഉൽപ്പന്നങ്ങൾ അധികവില നൽകി സംഭരിച്ച് വിപണിവിലയേക്കാൾ കുറച്ചാണ് വിൽപ്പന. പ്രാദേശിക കർഷകരിൽനിന്ന് ലഭിക്കാത്ത ഉൽപ്പന്നങ്ങൾമാത്രമാണ് ഹോർട്ടികോർപ് മുഖേന അയൽ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്നത്. അധിക ഉൽപ്പാദനം കാരണം വിപണികിട്ടാത്ത സ്ഥിതി വരാതിരിക്കാനും ജാഗ്രത പാലിച്ചു.