ആലപ്പുഴ
ജനലക്ഷങ്ങളുടെ പ്രിയ സഖാവ് പി കൃഷ്ണപിള്ളയ്ക്ക് കേരളത്തിന്റെ സ്മരണാഞ്ജലി. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ പ്രിയ സഖാവിന്റെ 73–-ാം ചരമവാർഷികം നാടെങ്ങും സമുചിതം ആചരിച്ചു. സഖാവ് പാമ്പുകടിയേറ്റ് മരിച്ച കണ്ണർകാട്ടെ വീട്ടിലും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും വിപ്ലവസ്മരണകൾ അലയടിച്ച അന്തരീക്ഷത്തിലായിരുന്നു ചടങ്ങ്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റെയും മന്ത്രി പി പ്രസാദിന്റെയും നേതൃത്വത്തിൽ രണ്ടിടത്തും പുഷ്പാർച്ചന നടന്നു. സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം എ കെ ജി സെന്ററിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പതാക ഉയർത്തി. കണ്ണർകാട്ടെ വസതിയിൽ ചേർന്ന യോഗത്തിൽ എ വിജയരാഘവനും പി പ്രസാദും സംസാരിച്ചു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് എസ് പ്രകാശം അധ്യക്ഷനായി. വലിയ ചുടുകാട്ടിലെ യോഗത്തിൽ എ വിജയരാഘവൻ, പി പ്രസാദ്, സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസർ എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ദേശാഭിമാനി ആസ്ഥാനത്ത് റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ പതാക ഉയർത്തി.