തിരുവനന്തപുരം
എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ചതിനെ തെറ്റായി ചിത്രീകരിച്ച മാധ്യമങ്ങൾ, സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് മറച്ചുവയ്ക്കാനും ഇകഴ്ത്താനുമാണ് ശ്രമിച്ചതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതിന് കോൺഗ്രസിനും ആർഎസ്എസിനുമൊപ്പം ഒരു വിഭാഗം കൈകോർത്തു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത, ഗാന്ധിജിയെ വെടിവച്ച് കൊന്ന ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ അർഹതയില്ല.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ രണ്ടാമതും അധികാരത്തിൽ വരാതിരിക്കാനുള്ള അജൻഡയോടെ മാധ്യമങ്ങൾ പ്രവർത്തിച്ചു. ഇതിന് കെട്ടുകഥകളും വ്യാജ നിർമിതികളും സൃഷ്ടിച്ചെങ്കിലും അവ ജനം തള്ളിയത് എന്തുകൊണ്ടെന്ന് മാധ്യമങ്ങൾ പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മീഡിയ ഓഡിയോ മാഗസിൻ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം കിട്ടിയ ആദ്യവർഷം എല്ലാ പാർടി ഓഫീസുകളിലും പതാക ഉയർത്തി. കേരളത്തിൽ പി കൃഷ്ണപിള്ള നേതൃത്വം നൽകി. എ കെ ജി ജയിലിൽ ആഘോഷിച്ചു. ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ ഭയന്നത് കമ്യൂണിസ്റ്റുകാരെയാണ്. അന്നത്തെ ഗൂഢാലോചന കേസുകൾ അന്വേഷിച്ചാൽ അത് ബോധ്യപ്പെടും. കേരളത്തിലടക്കം ബ്രിട്ടീഷുകാർക്കെതിരെ രക്തരൂഷിതമായ സമരം നടത്തിയതും പൂർണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യം ഉയർത്തിയതും കമ്യൂണിസ്റ്റുകാരാണ്. ഇവയൊക്കെ സമൂഹം ചർച്ച ചെയ്യാൻകൂടിയാണ് 75–-ാം വാർഷികം ആഘോഷിക്കാൻ പാർടി തീരുമാനിച്ചത്. മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം ഉപേക്ഷിച്ച് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കണം. എന്നാൽ, അലക്കിവെളുപ്പിക്കാൻ നോക്കിയിട്ടും പിഞ്ഞിപ്പോയ നയതന്ത്ര കള്ളക്കടത്തുപോലുള്ളവ ഇപ്പോഴും മാധ്യമങ്ങൾ ഉപേക്ഷിച്ചിട്ടില്ല. പുള്ളിപ്പുലിയുടെ പുള്ളി ഒരിക്കലും മായില്ലെന്നും കോടിയേരി പറഞ്ഞു.
ലീഗിലേത് ആഭ്യന്തര കലാപം
മുസ്ലിംലീഗിൽ നടക്കുന്നത് അത്യഗാധ ആഭ്യന്തര കലാപമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ലീഗുതന്നെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കട്ടെ. സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരായ നിലപാട് ഒരു രാഷ്ട്രീയ പാർടിക്കും സ്വീകരിക്കാനാകില്ല. ഈ യാഥാർഥ്യം ലീഗ് തിരിച്ചറിയണം. വനിതാ കമീഷന് പരാതി നൽകാൻ എല്ലാ വനിതകൾക്കും അവകാശമുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് കോടിയേരി പ്രതികരിച്ചു. കണ്ണൂരിൽ ഉണ്ടായെന്നു പറയുന്ന അച്ചടക്ക നടപടിയൂടെ പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും കോടിയേരി പറഞ്ഞു.