തിരുവനന്തപുരം
ബിവറേജസ് കോർപറേഷന്റെ ഓൺലൈൻ വിദേശമദ്യബുക്കിങ് സംവിധാനം മുഴുവൻ ജില്ലയിലേക്കും വ്യാപിപ്പിക്കും. പരീക്ഷണം വിജയകരമായതോടെയാണ് പദ്ധതി 265 ഔട്ട്ലെറ്റിലേക്കും വ്യാപിപ്പിക്കുന്നത്. ഔട്ട്ലെറ്റുകൾക്ക് മുമ്പിലെ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഔട്ട്ലെറ്റുകളിലായിരുന്നു ആദ്യഘട്ടത്തിൽ ഇത് ഏർപ്പെടുത്തിയത്. ആദ്യ ദിവസമായ ചൊവ്വാഴ്ച മൂന്ന് ഔട്ട്ലെറ്റിൽനിന്നായി 170 പേർ ബുക്ക് ചെയ്ത് മദ്യം വാങ്ങി. 2,60,992 രൂപയുടേതാണിത്. ബുധനാഴ്ച 179 പേർ 3,75,380 രൂപയുടെയും വ്യാഴാഴ്ച വൈകിട്ട് അഞ്ച്വരെ 200 പേർ നാല് ലക്ഷം രൂപയുടെയും മദ്യം വാങ്ങി.പണമടച്ച് ടോക്കണെടുത്തവർക്ക് സമയത്തിന് ഷോപ്പിലെത്തി മദ്യം വാങ്ങാം. മദ്യം വീട്ടിലെത്തിച്ച് നൽകില്ല.
മുഴുവൻ ഔട്ട്ലെറ്റും വെയർഹൗസുകളും ബെവ്കോ ആസ്ഥാനവും ബന്ധിപ്പിച്ചുളള ഓൺലൈൻ പദ്ധതി ഒരു വർഷം മുമ്പാണ് ആരംഭിച്ചത്. വിൽപ്പന, ഇൻവന്ററി തുടങ്ങിയവ ഇതുവഴി കൃത്യമായി ലഭിക്കും. 28 ഔട്ട്ലെറ്റിൽ കംപ്യൂട്ടർവൽക്കരണം പൂർത്തിയായി. അവശേഷിക്കുന്നവയും പൂർത്തിയായാലുടൻ പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കും.