ന്യൂഡൽഹി
കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ എല്ലാ കുറ്റാരോപിതരുടെയും അറസ്റ്റ് നിർബന്ധമല്ലെന്ന് സുപ്രീംകോടതി. ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 170–-ാം വകുപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മേൽ അത്തരം നിബന്ധന അടിച്ചേൽപ്പിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും ഋഷികേശ് റോയിയും വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യമെന്നത് സുപ്രധാന ഭരണഘടനാ വ്യവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏഴുവർഷംമുമ്പ് 83 പേർക്കൊപ്പം കേസിൽ പ്രതിയായ വ്യക്തിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹർജിയിലാണ് സുപ്രധാന നിരീക്ഷണം. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റപത്രം സമർപ്പിക്കേണ്ട സമയമായെന്നും പ്രതി കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതി കസ്റ്റഡിയിലാകാതെ കുറ്റപത്രം സ്വീകരിക്കില്ലെന്ന നിലപാടാണ് വിചാരണ കോടതി സ്വീകരിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
കസ്റ്റഡിയിലെടുത്തുള്ള അന്വേഷണം അനിവാര്യമാകല്‍, ഗുരുതരമായ കുറ്റകൃത്യം, സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത, ഒളിവിൽ പോകാന്‍ സാധ്യത എന്നീ സാഹചര്യത്തില്‍മാത്രമാണ് അറസ്റ്റ് വേണ്ടത്. നിയമപരമായി അറസ്റ്റാകാം എന്നതുകൊണ്ട് അറസ്റ്റ് നിർബന്ധമാകുന്നില്ല. അറസ്റ്റിനുള്ള അധികാരവും അത് വിനിയോഗിക്കുന്നതിനുള്ള നീതിയുക്തതയും തമ്മിൽ വേർതിരിവ് വേണം. അറസ്റ്റ് സ്വാഭാവിക പ്രക്രിയ ആയാല്‍ വ്യക്തിയുടെ ആത്മാഭിമാനത്തിന് വലിയ ദോഷം ചെയ്യും.
കുറ്റാരോപിതന് സമൻസ് നിരാകരിക്കുകയോ ഒളിവിൽ പോവുകയോ ചെയ്യില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യമുണ്ടെങ്കില്‍, അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നെങ്കില്‍ അറസ്റ്റിന് നിർബന്ധിക്കേണ്ടതില്ല–- കോടതി വ്യക്തമാക്കി.