കാബൂൾ
അമേരിക്കൻ വ്യോമസേനാ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ കുരുങ്ങി മരിച്ചത് അഫ്ഗാൻ ദേശീയ യൂത്ത് ഫുട്ബോൾ താരം സാകി അൻവാരി(19). തിങ്കളാഴ്ച ഖത്തറിൽ ലാൻഡ് ചെയ്ത ‘സി 17എ’ വിമാനത്തിന്റെ ലാൻഡിങ് ഗിയർ ക്യാബിനിലാണ് മൃതദേഹം കണ്ടെത്തിയത്. ക്യാബിനിൽ ആളുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഖത്തറിൽ ഇറക്കിയെങ്കിലും അപ്പോഴേക്കും സാകി മരിച്ചു. അഫ്ഗാൻ സ്പോർട്സ് വിഭാഗം ജനറൽ ഡയറക്ടറാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
കാബൂൾ സ്വദേശിയായ സാകി, ഫ്രാങ്കോ അഫ്ഗാൻ സ്കൂൾ വിദ്യാർഥിയായിരുന്നു. പതിനാറാം വയസ്സിലാണ് ജൂനിയർ ദേശീയ ഫുട്ബോൾ ടീമിലെത്തിയത്. ‘നിങ്ങളുടെ ജീവിതത്തിന് നിറം നൽകുന്നത് നിങ്ങൾതന്നെയാണ്. മറ്റാർക്കും ആ ബ്രഷ് നൽകാതിരിക്കുക’ എന്ന് അവസാന ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. വിമാനത്തിൽനിന്ന് വീണ് മരിച്ചവർ കാബൂളുകാരായ, 16ഉം 17ഉം വയസ്സുള്ള സഹോദരങ്ങളാണെന്നും റിപ്പോർട്ടുണ്ട്.