അബുദാബി
താലിബാന് കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിട്ടത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണെന്ന് അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗനി. രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ തൂക്കിലേറ്റപ്പെട്ടേനെയെന്നും അഷ്റഫ് ഗനി ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ ഖജനാവില്‍ നിന്നെടുത്ത പണവുമായാണ് താന്‍ കടന്നതെന്ന ആരോപണം ഗനി നിഷേധിച്ചു. കോടിക്കണക്കിന് ഡോളറുകള്‍ മോഷ്ടിച്ചാണ് പ്രസിഡന്റ് കടന്നതെന്ന് താജിക്കിസ്ഥാനിലെ അഫ്ഗാന് പ്രതിനിധി ആരോപിച്ചിരുന്നു. നാല് കാറിൽ നിറയെ പണവുമായാണ് ഗനി വിമാനത്താവളത്തില്‍ എത്തിയതെന്ന് റഷ്യന്‍ എംബസിയും അറിയിച്ചിരുന്നു.
എന്നാല്‍, ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരുപ്പും മാത്രമാണ് രാജ്യം വിട്ടപ്പോള്‍ കൈവശമുണ്ടായിരുന്നതെന്നാണ് ഗനി പറയുന്നത്. താൻ യുഎഇയിലാണെന്നും രാജ്യത്തേക്ക് തിരികെ വരാൻ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഗനി പറഞ്ഞു.