കൊൽക്കത്ത
രബീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള പരാമർശത്തിൽ കേന്ദ്രമന്ത്രി സുഭാഷ് സർക്കാർ വിവാദത്തിൽ. നിറം കുറവായതിനാൽ ടാഗോറിനെ എടുക്കാൻ അമ്മ വിസമ്മതിച്ചിരുന്നു എന്നായിരുന്നു വിശ്വഭാരതി സർവകലാശാല സന്ദർശനത്തിനിടെ മന്ത്രിയുടെ പരാമർശം.
വെളുത്ത നിറം രണ്ട് തരത്തിലുണ്ട്. ഒന്ന് മഞ്ഞകലർന്ന നിറത്തിലുള്ളവരും മറ്റൊന്ന് ചുവപ്പുകലർന്ന നിറത്തിലുള്ളവരും. ടാഗോർ രണ്ടാമത്തെ വിഭാഗത്തിലായിരുന്നു. അതുകൊണ്ടാണ് അമ്മയും ബന്ധുക്കളും അദ്ദേഹത്തെ കൈയിലെടുക്കാൻ തയ്യാറാകാതിരുന്നത്–- മന്ത്രി പറഞ്ഞു. എന്നാൽ, ബിജെപിയുടെ വംശീയ മനോഭാവവും ബംഗാളി വിരുദ്ധതയുമാണ് കേന്ദ്രമന്ത്രിയുടെ പരാമർശത്തിലൂടെ പുറത്തുവന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറഞ്ഞു.
സുഭാഷ് സർക്കാരിന് ചരിത്രം അറിയില്ലെന്നും വിശ്വഭാരതി സർവകലാശാലയിൽ ഇനി പ്രവേശിക്കാൻ അനുവദിക്കരുതെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു.
എന്നാൽ, വർണവിവേചനത്തെക്കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും ടാഗോറിനെ അപമാനിച്ചിട്ടില്ലെന്നുമാണ് ബിജെപി വക്താവിന്റെ വാദം.