കാബൂൾ
താലിബാനെതിരെ അഫ്ഗാനിസ്ഥാനിൽ രണ്ടാംദിവസവും പ്രതിഷേധം തുടരുന്നു. വ്യാഴാഴ്ച അഫ്ഗാൻ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയേന്തി പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ താലിബാൻ മർദനമുറകൾ കടുപ്പിച്ചു. രാജ്യത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമാണ്. അന്താരാഷ്ട്ര സഹായംകൂടി നിലയ്ക്കുന്നതോടെ സ്ഥിതി ഇനിയും മോശമാകുമെന്ന മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തിൽ, നേർത്ത എതിർസ്വരംപോലും വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് താലിബാൻ.
തലസ്ഥാനമായ കാബൂളിൽത്തന്നെ വ്യാഴാഴ്ച നിരവധിയാളുകൾ പ്രതിഷേധമുയർത്തി. വിമാനത്താവളത്തിനു സമീപം കാർ റാലിയായും കാൽനടയായും ആളുകളെത്തി. അഫ്ഗാൻ പതാകയിലെ കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള ബാനറുകൾ ഏന്തിയായിരുന്നു പ്രതിഷേധം.
രാജ്യത്ത് പ്രതിഷേധം ഉയരുന്നിടത്തെല്ലാം ഈ നിറത്തിലുള്ള ബാനറുകൾ ദൃശ്യമാകുന്നുണ്ട്. നാൻഗരാർ പ്രവിശ്യയിൽ പ്രതിഷേധക്കാർക്കുനേരെ താലിബാൻ വെടിവച്ചു. ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചു. താലിബാൻകാരിൽനിന്ന് രക്ഷിക്കണമെന്ന് വിദേശ സൈനികരോട് അപേക്ഷിച്ച് സ്ത്രീകൾ കൈക്കുഞ്ഞുങ്ങളെയും പെൺകുട്ടികളെയും വിമാനത്താവള മതിലിലെ മുൾവേലിക്ക് മുകളിൽക്കൂടി അകത്തേക്ക് എറിയുന്ന ദൃശ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. ഇതിനിടെ പട്രോളിംഗ് നടത്തുന്ന താലിബാൻകാർക്കൊപ്പം സെൽഫിയെടുക്കുന്ന സംഭവങ്ങളുമുണ്ട്. ബുധനാഴ്ച നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ച ഖോസ്തിൽ 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കുണാർ പ്രവിശ്യയിലും പ്രതിഷേധമുണ്ടായി. ജലാലാബാദിൽ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചവർ താലിബാൻ പതാക നീക്കി അഫ്ഗാൻ ദേശീയപതാക ഉയർത്തിയിരുന്നു. താലിബാനും വ്യാഴാഴ്ച അഫ്ഗാൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അമേരിക്കയെ തോൽപ്പിച്ചതായും പ്രഖ്യാപിച്ചു.
കാബൂൾ വിമാനത്താവളത്തിന് വെളിയിലെ ആൾക്കൂട്ടം പിരിച്ചുവിടാൻ വ്യാഴാഴ്ചയും താലിബാൻ ആകാശത്തേക്ക് വെടിവച്ചു. സിറിയൻ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ സഖ്യത്തിനൊപ്പമുള്ള അൽ ഖായിദ അനുബന്ധ സംഘടന ലെവാന്ത് ലിബറേഷൻ കമ്മിറ്റി അഫ്ഗാൻ വിജയത്തിൽ താലിബാനെ അനുമോദിച്ചു. അതിനിടെ, ഐക്യരാഷ്ട്ര സംഘടന അഫ്ഗാനിലുണ്ടായിരുന്ന 100 ജീവനക്കാരെ കസഖ്സ്ഥാനിലേക്ക് മാറ്റി. സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം.
“ഭീകരതയുടെ
വിസ്ഫോടനം’
ഉണ്ടാകുമെന്ന്
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തത് മറ്റ് ഭീകരസംഘടനകളെ പ്രചോദിപ്പിക്കുമെന്നും ഇതു”ഭീകരതയുടെ വിസ്ഫോടന’ത്തിന് വഴിവെയ്ക്കുമെന്നും ലോകസുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നും യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. അൽ ഖായ്ദപോലുള്ള തീവ്രവാദസംഘങ്ങൾ ഇതൊരവസരമായി കാണും. ഇത് തടയണം. ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്ന വിമാനത്തിൽ പകുതിയാളുമായാണ് പോകുന്നതെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അഭയാർഥികൾ ടെക്സസിലേക്ക്
അമേരിക്കയിലേക്ക് രക്ഷപ്പെട്ട 30,000 അഫ്ഗാൻ അഭയാർഥികളിൽ ഭൂരിഭാഗവും ടെക്സസിൽ താമസമാക്കാൻ സാധ്യത. ഇതുവരെ 107 കുടുംബം ടെക്സസിലെ ഓസ്റ്റിനിൽ താമസിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. വരും ആഴ്ചകളിൽ 324 പേർക്ക് ഡല്ലസ്, ഫോർട്ട് വർത്ത്, ഹൂസ്റ്റൺ, ഓസ്റ്റിൻ, സ്മിത്ത് എന്നീ പ്രദേശങ്ങളിൽ താമസമൊരുക്കും.