ആദ്യം അറിഞ്ഞത് കുഞ്ചൻ നമ്പ്യാരെയാണ്. അരിശം തീരാഞ്ഞിട്ടാപ്പുരയുടെ ചുറ്റും മണ്ടിനടന്ന നായൻമാരെ ഇളക്കിവിട്ട നർമ കുശലനായ മഹാകവി. പിന്നെ കണ്ടുമുട്ടുന്നത് ഒരു വില്ലൻ വേഷത്തെയാണ്. മലയാള സിനിമയിൽ ഒതുങ്ങാതെ അതിരു കടന്നുചെന്ന് തമിഴ്മക്കളുടെ അണ്ണൻ എം.ജി.ആറിനെ വരെ വെല്ലുവിളിച്ച എം.എൻ. നമ്പ്യാർ.
മൂന്നാമത്തെ നമ്പ്യാർ രാജ്യാന്തര പ്രസിദ്ധനായി. കുമ്മായ വരകൾ അതിരുടുന്ന ട്രാക്കിലൂടെ കുതിച്ചു പാഞ്ഞ പയ്യോളിക്കാരി പെൺകുട്ടിയെ രാജ്യത്തിനു വേണ്ടി സ്വർണം വിളയിച്ച അത്ലറ്റാക്കി മാറ്റിയ ദ്രോണാചാര്യർ ഒതയോത്ത് മാധവൻ നമ്പ്യാർ. അത്രയ്ക്കങ്ങ് പരത്തിപ്പറയണമെന്നില്ല. കോച്ച് നമ്പ്യാരെന്ന് പറഞ്ഞാൽ എല്ലാമായി…
ഒ.എം. നമ്പ്യാരെത്തേടി പയ്യോളിക്കടുത്ത് മീനത്തുകരയിലെ ഒതയോത്ത് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ മനസ്സിൽ കുറിച്ചുവെച്ചിരുന്ന ചോദ്യങ്ങളെല്ലാം ഉഷയേയും ഇന്ത്യൻ കായിക രംഗത്തേയും ചുറ്റിപ്പറ്റിയായിരുന്നു. പക്ഷെ അവിടെ വെച്ച് ഒരു ട്വിസ്റ്റ്. കീഴൂരുകാർക്ക് മാധവൻ നമ്പ്യാർ ഉഷയുടെ പരിശീലകനോ രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവോ അല്ല. അവരുടെ സ്വന്തം നന്മ നിറഞ്ഞ നമ്പാൾ ആണ്. നമ്മൾ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത മറ്റൊരു നമ്പ്യാർ.
നിർധന കുടുംബങ്ങൾക്ക് വീടുവെക്കാൻ സ്ഥലം നൽകിയ നമ്പാൾ, പാലം കെട്ടിയ നമ്പാൾ… വെളുത്തനും എലങ്കറിനും ജാനുവിനും ശശിക്കും കോച്ച് നമ്പ്യാർ അതൊക്കെയാണ്. രണ്ടര ഏക്കറോളം കീഴുരിലെ ഏഴ് നിർധന കുടുംബങ്ങൾക്ക് നമ്പ്യാർ മൂന്നു മുതൽ പത്ത് സെന്റ് വരെ ഭൂമി പതിച്ചു നൽകി. അവരുടെ വീടുകൾക്കടുത്ത് വാട്ടർ ടാങ്കിനും വോളിബോൾ കോർട്ടിനും അയ്യപ്പ ഭജനമഠത്തിനും കബ്ബിനും സ്ഥലം നൽകിയത് നമ്പ്യാർ തന്നെ. ഇന്റർനെറ്റ് സൗകര്യത്തോടു കൂടി വിജ്ഞാന വേദി നിർമ്മിക്കാനും നമ്പ്യാർ സ്ഥലം നൽകി. രണ്ടരയേക്കറോളം വരുന്ന പറമ്പിൽ ഒരേക്കറോളം നമ്പ്യാർ ഇങ്ങനെ സൗജന്യമായി പതിച്ചു നൽകിയിട്ടുണ്ട്.
ഭൂമിക്ക് പൊന്നുംവില കിട്ടുന്ന ഇക്കാലത്ത് നമ്പാളല്ലാതെ മറ്റാരും അത് വെറുതെ കൊടുക്കുമെന്ന് തോന്നുന്നില്ല. നസ്യാരുടെ ദാനശീലത്തിന്റെ ഗുണഭോക്താവായ ശശി പറഞ്ഞുനിർത്തിയതും നമ്പ്യാർ ഉറക്കെ ചിരിക്കാൻ തുടങ്ങി. നമ്മൾക്ക് ആവശ്യമുള്ളത് കഴിച്ച് ബാക്കി മറ്റുള്ളവർക്ക് കൊടുക്കുക. ആവശ്യമുള്ളതേ ഈ ഭൂമിയിൽ നിന്ന് നമ്മൾ എടുക്കാവൂ.- തന്റെ നീതിശാസ്ത്രം നമ്പ്യാർ വെളിപ്പെടുത്തുന്നു.
ഉദാരമതിയായ നമ്പാളെ കുറിച്ച് ജാനുവിനും നാരായണിക്കുമെല്ലാം പറയാനുണ്ട് ഓരോ കഥകൾ. അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് സ്വന്തം ചിലവിൽ വർഷം തോറും നാട്ടുകാർക്കായി സ്വന്തം ചിലവിൽ സദ്യ നടത്തുന്നതും സമീപത്തെ നാഗകാളി ക്ഷേത്രം പുനർനിർമിച്ചതും എല്ലാം അതിൽപ്പെടുന്നു. തന്റെ സ്ഥലത്ത് നിർമ്മിച്ച വാട്ടർ ടാങ്കും വീടുകളും ക്ലബ്ബുമെല്ലാം നോക്കി നിൽക്കെ അദ്ദേഹം ശബ്ദം താഴ്ത്തി ചോദിക്കുന്നു, ഇതൊക്കെ ഉണ്ടായത് കൊണ്ട് എന്റെ സ്ഥലം കൊണ്ട് എത്രയാളുകൾക്ക് ഉപകാരമായില്ലേ, അല്ലാകെ ഈ മണ്ണിൽ സ്വർണം കായ്ക്കുന്ന മരമൊന്നും ഉണ്ടാവാൻ പോവുന്നില്ലല്ലോ ? ശശിയുടേയും പട്ടാളം ജാനുവിന്റെയൊക്കെ(ജാനുവിനെ നമ്പ്യാർ വിളിക്കുന്നത് അങ്ങിനെയാണ്) ചിരി കാണുമ്പോൾ ദ്രോണാചാര്യ കിട്ടിയതിനേക്കാൾ സന്തോഷമുണ്ടെന്ന് നമ്പ്യാരുടെ സാക്ഷ്യം.
ജീവിതത്തിന്റെ സായാഹ്നമാണിത്. തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തനാണ്. പക്ഷെ, ഒരു നഷ്ടബോധം എന്നും ഒപ്പമുണ്ട്. അത് തന്റെ ചിതയിലേ അവസാനിക്കൂയെന്ന ആമുഖത്തോടെയാണ് നമ്പ്യാർ പറഞ്ഞു തുടങ്ങിയത്. ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തിൽ പ്രിയശിഷ്യ ഉഷയ്ക്ക് മെഡൽ നഷ്ടമായതിനെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നു.
കാലിഫോർണിയയിൽ നടന്ന പ്രീ-ഒളിമ്പിക്സ് മീറ്റിൽ ഉഷ മികച്ച പ്രകടനത്തോടെ സ്വർണം നേടിയതോടെ ഉഷ ശ്രദ്ധാകേന്ദ്രമായി. ഉഷ സ്വർണം നേടുമെന്നായിരുന്നു പ്രവചനം. ഒരു മെഡൽ നമ്പ്യാരും ഉറപ്പിച്ചതാണ്. ഫൈനലിൽ വെടിയൊച്ച മുഴങ്ങിയപ്പോൾ ഉഷ കുതിച്ചു. നല്ല ഒന്നാന്തരം സ്റ്റാർട്ട്. പക്ഷെ ഓസ്ട്രേലിയൻ അത്ലറ്റ് ഫൗൾ ആയതുകൊണ്ട് റീസ്റ്റാർട്ട് വേണ്ടി വന്നു. രണ്ടാമത്തെ സ്റ്റാർട്ട് അത് മെച്ചമായില്ല. എങ്കിലും ഫിനിഷിങ് കഴിഞ്ഞപ്പോൾ ഉഷക്കാണ് വെങ്കലമെന്നാണ് കരുതിയത്.
പക്ഷെ ഫോട്ടോ ഫിനിഷിങ്ങിൽ ഉഷ നാലാമതായി പോയി. ഞാൻ നിരാശ കൊണ്ട് നിലത്തു കിടന്നുപോയി. ആ കിടപ്പ് എത്ര നേരം തുടർന്നുവെന്ന് എനിക്കോർമയില്ല. ആദ്യ സ്റ്റാർട്ട് ഓസ്ട്രേലിയക്കാരി ഫൗൾ ആക്കിയില്ലായിരുന്നെങ്കിൽ ഉഷ മെഡൽ നേടുമായിരുന്നു, അതെനിക്ക് ഉറപ്പാണ്. – ഒരിക്കലും അവസാനിക്കാത്ത നഷ്ട ബോധത്തോടെ നമ്പ്യാർ പറയുന്നു.
ചെറുപ്പത്തിലേ ഓട്ടക്കാരനായിരുന്നു മാധവൻ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുമ്പോൾ അത്ലറ്റിക്സ് ചാമ്പ്യനായിരുന്നു. ട്രാക്കിൽ നമ്പ്യാരുടെ മിടുക്ക് കണ്ട കോളേജ് പ്രിൻസിപ്പൽ മാധവനോട് പറഞ്ഞു, നിനക്കു നല്ലത് പട്ടാളമാണ്. പ്രിൻസിപ്പലിന്റെ ഉപദേശം സ്വീകരിച്ച നമ്പ്യാർ ചെന്നൈയിലേക്ക് വണ്ടി കയറി. പക്ഷെ താംബരത്തെ എയർ ഫോഴ്സ് റിക്രൂട്ടിങ് സെന്ററിൽ എത്തുമ്പോഴേക്കും റിക്രൂട്ട്മെന്റിനുള്ളവർ അകത്തുകയറിക്കഴിഞ്ഞിരുന്നു. ഇനിയാർക്കും പ്രവേശനമില്ലെന്ന് പുറത്തെ കാവൽക്കാർ പറഞ്ഞു. നമ്പ്യാർ പക്ഷെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
സർട്ടിഫിക്കറ്റുകൾ മാറത്തടക്കിപ്പിടിച്ച് രണ്ടടി പിന്നോട്ടടിച്ച് ബാരിക്കേഡ് ചാടിക്കടന്നു. എന്താണ് സംഭവിക്കുന്നതെന്ന് കാവൽ നിന്നിരുന്ന സിപ്പായിമാർ തിരിച്ചറിയും മുമ്പ് ഉദ്യോഗാർഥികളുടെ കൂട്ടത്തിൽ കയറി നിന്നു. ആ ഒരു ചാട്ടമാണ് മാധവന്റെ ജാതകം കുറിച്ചത്. 1955-ൽ എയർ ഫോഴ്സിൽ ജോലിയിൽ പ്രവേശിച്ച മാധവൻ അവിടെയും അറിയപ്പെടുന്ന കായികതാരമായി. സർവീസസിനെ പ്രതിനികരച്ച് ദേശീയ മീറ്റുകളിൽ മികവു കാണിച്ചെങ്കിലും രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായില്ല.
ആ നിരാശ മാറ്റാനാണ് നമ്പ്യാർ പരിശീലകനാവാൻ തീരുമാനിച്ചത്. പാട്യാലയലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പോർടിസിൽ ചേർന്നു. അവിടുത്തെ ട്രെയ്നിങ് പൂർത്തിയാക്കി കോച്ചിങ് ലൈസൻസ് നേടിയെത്തിയ നമ്പ്യാർ സർവീസസിന്റെ കോച്ചായി. അതിനടയിലാണ് കേരളാ സ്പോർട്സിന്റെ പിതാവായ കേണൽ ഗോദവർമ രാജ നമ്പ്യാരെ കേരളത്തിലേക്ക് പരിശീലകനായി ക്ഷണിച്ചത്. നാട്ടിൽ വന്ന് ഗോദവർമ്മയെ കണ്ട് സപോർട്സ് കൗൺസിൽ കോച്ചായി ചേർന്നു.
സ്പോർട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെല്കഷനിടെയാണ് നമ്പ്യാർ ഉഷയെ ആദ്യമായി കാണുന്നത്. വലിയ ആരോഗ്യമൊന്നുമില്ലാത്ത മെലുഞ്ഞൊരു പെൺകുട്ടി. ഉഷക്ക് സെലക്ഷൻ കിട്ടി. ഉഷയും നമ്പ്യാരും കണ്ണൂർ സ്പോർട്സ് ഡിവിഷനിലെത്തി. പിന്നീടെല്ലാം ചരിത്രമാണ്. ഒന്നിനു പിറകെ ഒന്നായി വിജയങ്ങൾ എണ്ണിയാലൊടുങ്ങാത്ത മെഡലുകൾ. ഇന്ത്യൻ കായിക രംഗത്ത് തന്നെ ഏറ്റവും അധികം വിജയങ്ങൽ കൊണ്ടു വന്ന ഗുരു-ശിഷ്യ ബന്ധമായി അത്.
ഉഷ അന്താരാഷ്ട്ര മൽസരങ്ങളിൽ നേടിയത് നൂറിലധികം മെഡലുകൾ. 1986-ലെ ജക്കാർത്ത ഏഷ്യൻ ട്രാക്ക് ആന്റ് ഫീൽഡ് മീറ്റിൽ ഉഷ ചരിത്രമെഴുതി. ജക്കാർത്തയിൽ ഉഷ നേടിയത് അഞ്ച് സ്വർണമടക്കം ആറു മെഡലുകൾ. ഇന്ത്യ അന്ന് മൊത്തം നേടിയത് ഏഴ് മെഡലുകളായിരുന്നു. തിരിച്ചു നാട്ടിലെത്തിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചോദിച്ചത്, ഇങ്ങനെയാണെങ്കിൽ ഉഷയും നമ്പ്യാരും മാത്രം പോയാൽ മതിയായിരുന്നല്ലോ? എന്നാണ്.
ഉഷയുടെ നേട്ടങ്ങൾക്ക് പിന്നിൽ വയർപ്പൊഴുക്കിയ നമ്പ്യാർക്ക് എന്ത് പ്രതിഫലം നൽകുമെന്നായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആലോചന. അങ്ങിനെയാണ് പരിശീലകർക്കായി ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. അങ്ങനെ ഇന്ത്യൻ കായിക ചരിത്രത്തിൽ പ്രഥമ ദ്രോണാചാര്യ അവാർഡ് ജേതാവെന്ന നിലയിൽ നമ്പ്യാരുടെ പേര് എഴുതിച്ചേർത്തു.
ഉഷയുടെ വിവാഹം കഴിഞ്ഞ് അമ്മയായതിനു ശേഷം പരിശീലക സ്ഥാനത്തു നിന്ന് നമ്പ്യാർ പിൻമാറി. പിന്നീടൊരു ഉഷയെ കണ്ടെത്താനുള്ള നമ്പ്യാരുടെ ശ്രമങ്ങൾ വിജയിച്ചില്ല. ഉഷയെ പോലെ പ്രതിഭയുള്ള ആത്മാർപ്പണം ചെയ്യാൻ തയ്യാറായ ഒരു അത്ലറ്റിനെ പിന്നെ കിട്ടിയില്ല. ഉഷയെ പോലെ തന്നെ നമ്പ്യാർക്കും ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നം ബാക്കിയാവുന്നു. ഒരുപക്ഷെ അടുത്ത ജൻമ്മത്തിൽ അതിനു കഴിഞ്ഞേക്കും. – പൊട്ടിച്ചിരിയുടെ അകമ്പടിയോടെ തന്നെ മാധവൻ നമ്പ്യാർ പറഞ്ഞു നിർത്തി.- അതെ ഈ നമ്പ്യാരും നർമപ്രിയനാണ്.
(അന്തരിച്ച ഒഎം നമ്പ്യാരെക്കുറിച്ച് മാതൃഭൂമി വാരന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം)