പ്രമുഖ കായിക പരിശീലകൻ ഒഎം നമ്പ്യാരുടെ വിയോഗത്തിന്റെ വേദനയിലാണ് കായിക രംഗം. ഒളിംപ്യൻ പിടി ഉഷ അടക്കമുള്ള കായിക താരങ്ങളുടെ പരിശീലകനായിരുന്നു ഒഎം നമ്പ്യാർ. ഒഎം നമ്പ്യാരുടെ വിടവാങ്ങൽ തന്റെ ജീവിതത്തിൽ നികത്താനാവാത്ത ശൂന്യതയുണ്ടാക്കിയതായി പിടി ഉഷ പറഞ്ഞു.
“എന്റെ ഗുരുവിന്റെ, എന്റെ പരിശീലകന്റെ, എന്റെ വഴികാട്ടിയായി വെളിച്ചം പകർന്നയാളുടെ വിടപറയൽ ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കും. എന്റെ ജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയില്ല. ദുഖത്താൽ ഞാൻ അസ്വസ്ഥയായിരിക്കുകയാണ്. ഒഎം നമ്പ്യാർ സാർ, താങ്കളുടെ അഭാവം എന്നും അനുഭവപ്പെടും. ആർഐപി,” പിടി ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു.
ദ്രോണാചാര്യ പുരസ്‌കാരം അടക്കമുള്ള ബഹുമതികൾക്ക് അർഹനായ ഒഎം നമ്പ്യാരെ രാജ്യം ഈ വർഷം പത്മശ്രീ നൽകി ആദരിച്ചിരുന്നു. അദ്ദേഹം പത്മശ്രീ നേടിയ വേളയിൽ പിടി ഉഷ അദ്ദേഹത്തെക്കുറിച്ച് പങ്കുവച്ച ഓർമകൾ ചുവടെ ചേർക്കുന്നു.
കോച്ച് ഒ എം നമ്പ്യാറിന്റെ പരിശീലനത്തിനായി രാവിലെ 6 മണിക്ക് തന്നെ എത്തുക എന്നതായിരുന്നു കരിയറിന്റെ തുടക്കകാലത്തെ പരിശീലന കാലത്ത് പിടി ഉഷ നേരിട്ടിരുന്ന ബുദ്ധിമുട്ടുകളിലൊന്ന്. തികച്ചും കർശന സ്വഭാവക്കാരനായിരുന്ന ഒഎം നമ്പ്യാരുടെ അടുത്ത് പരിശീലനത്തിനായി വൈകിയെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കണ്ണൂർ സ്പോർട്സ് ഡിവിഷൻ ഹോസ്റ്റലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായി ചേർന്നപ്പോളാണ് പിടി ഉഷ ഒഎം നമ്പ്യാർക്ക് കീഴിൽ പരിശീലനം ആരംഭിച്ചത്. “ആരെങ്കിലും രാവിലെ 6:05 ന് എത്തിയാൽ അവർ ശിക്ഷിക്കപ്പെടും. ഞങ്ങളെക്കൊട്ട് സ്പൈക്കുകളുടെ ജോഡി കയ്യിൽ പിടിച്ച് തലക്കുമുകളിൽ വച്ച് ഓടാൻ പറയും. ഞാൻ ഹോസ്റ്റലിൽ ചേർന്നതിനുശേഷം ഒന്നോ രണ്ടോ തവണ ഓടേണ്ടിവന്നു, പക്ഷേ അതിനുശേഷം പിന്നെ അങ്ങനെ ഉണ്ടായിട്ടില്ല,” ഉഷ ഓർമ്മിക്കുന്നു.
കൃത്യസമയത്ത് എത്താൻ, പുലർച്ചെ 4:45 ഓടെ എഴുന്നേൽക്കണമായിരുന്നു. 80 ട്രെയിനികൾക്കായി രണ്ട് ടോയ്‌ലറ്റുകളും മൂന്ന് ബാത്ത്റൂമുകളുമായിരുന്നു ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. ബാത്ത് റൂമിനുമുന്നിലെ നീണ്ട ക്യൂ റിട്ടയേഡ് എയർഫോഴ്സ് സർജന്റ്-കോച്ചിന് സ്വീകാര്യമായ ഒരു ഒഴികഴിവായിരുന്നില്ല.
Read More: എതിരാളികൾക്ക് ബഹുമാനം നൽകുക, ജയിച്ചത് നിങ്ങളാണെങ്കിലും: അജിങ്ക്യ രഹാനെ
“ഞാൻ നേരത്തെ എഴുന്നേറ്റ് ക്യൂവിൽ നിൽക്കും. ചില സമയങ്ങളിൽ ഞാൻ ആരോടെങ്കിലും ക്യൂവിൽ എന്റെ സ്ഥാനം പിടിക്കാനും എന്റെ സമയത്തിന് മുമ്പായി പെട്ടെന്ന് മാറാനും പറയും,” പിടി ഉഷ പറയുന്നു.
കോച്ച് നമ്പ്യാർ ഒരു ടാസ്‌ക് മാസ്റ്ററായിരുന്നു, മാത്രമല്ല പ്രോത്സാഹനം നൽകി പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. വാം അപ്പ് ഡ്രില്ലുകളിൽ മികച്ച പ്രകടനം നടത്തിയവർക്ക് അദ്ദേഹം ഒരു ടോഫി നൽകുമായിരുന്നുവെന്നും പിടി ഉഷ പറഞ്ഞു. അവർ 1970 കളിലാണ് പിടി ഉഷ നമ്പ്യാർക്ക് കീഴിൽ പരിശീലനം ആരംഭിച്ചത്.
ലോസ് ഏഞ്ചൽസ് ഗെയിംസിലെ നാലാം സ്ഥാനവും ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ നേടിയ ഒന്നിലധികം മെഡലുകളും പിടി ഉഷക്ക് ഗോൾഡൻ ഗേൾ എന്ന പദവി നേടിക്കൊടുത്തു. പിടി ഉഷയുടെ പരിശീലകനായ ഒഎം നമ്പ്യാരും 1980 കളിൽ രാജ്യത്തിന് സുപരിചിതനായി.
ഈ വർഷം ഒഎം നമ്പ്യാർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. 89 വയസ്സുള്ള അദ്ദേഹം ഇപ്പോൾ പാർക്കിൻസൺസ് രോഗം ബാധ കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നു. അപൂർവ്വമായി മാത്രമാണ് അദ്ദേഹം കിടക്കയിൽ നിന്ന് ഇറങ്ങുന്നത്, നടക്കാൻ സഹായം ആവശ്യമാണ്.
Such a wonderful moment for all of us students of Nambiar Sir. The 1st Dronacharya Awardee in Indian athletics history now also the 1st athletic coach to be conferred the PadmaShri. It is a proud moment for all coaches in our country. I’m immensely grateful for all his teachings. pic.twitter.com/dvEHiShXpv
— P.T. USHA (@PTUshaOfficial) January 27, 2021
“പത്മശ്രീ അവാർഡിനെക്കുറിച്ച് കേട്ടപ്പോൾ അദ്ദേഹം വളരെ സന്തോഷിച്ചു. തനിക്ക് ഇത് നേരത്തെ ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് തോന്നി, പക്ഷേ വൈകിയാണെങ്കിലും ലഭിച്ചു,” അദ്ദേഹത്തിന്റെ മകൻ സുരേഷ് പറഞ്ഞു. അവാർഡ് ദാന ചടങ്ങിനായി അദ്ദേഹത്തിന് യാത്ര ചെയ്യാൻ കഴിയില്ലെന്നും സുരേഷ് വ്യക്തമാക്കി. “ഇതുവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഒരുപക്ഷേ ഒരു കുടുംബാംഗം അദ്ദേഹത്തെ പ്രതിനിധീകരിക്കേണ്ടി വരും. വൈദ്യപരിശോധനയ്ക്കായി മാത്രമാണ് അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങുന്നത്,” സുരേഷ് പറഞ്ഞു.
Read More: ‘രഹാനെ ദേഷ്യപ്പെടാറില്ല, കോഹ്‌ലിയുടെ ആവേശം ദേഷ്യമായി തെറ്റിദ്ധരിക്കപ്പെടുന്നതാണ്’
അവാർഡ് ജേതാക്കളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തിങ്കളാഴ്ച ഉഷ തന്റെ പരിശീലകനെ സന്ദർശിച്ചിരുന്നു. “ഞങ്ങൾ എന്റെ ഭർത്താവിന്റെ മരുമകളുടെ വിവാഹനിശ്ചയത്തിനായി പോയിരുന്നു. അത് നമ്പ്യാർ സാറിന്റെ വീടിനടുത്താണ്. അപ്പോൾ ഞങ്ങൾ അവിടെ പോയി, ”ഉഷ പറയുന്നു. “ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടുമ്പോഴെല്ലാം ഒരുപാട് ഓർമ്മകൾ തിരികെ വരുന്നു,” അവർ പറഞ്ഞു
ഭക്ഷണക്രമം മാറ്റി
80 കളിലെ സപ്പോർട്ട് സിസ്റ്റം ഇന്നത്തെ പോലെ മികച്ചതായിരുന്നില്ല. അതിനാൽ നമ്പ്യാർക്ക് ധാരാളം ചുമതലകൾ സ്വീകരിക്കേണ്ടി വന്നു. അതിലൊരാൾ ന്യൂട്രീഷ്യനിസ്റ്റിന്റേതാണ്. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പരിശീലനം നടത്തുമ്പോൾ അദ്ദേഹം ആ ചുമതല നിറവേറ്റുന്നതിനെക്കുറിച്ച് പിടി ഉഷ ഓർമ പങ്കിടുന്നുണ്ട്. “ഗുസ്തി സംഘത്തിലുള്ളവർ ബദാം മിൽക്ക് കഴിക്കുമായിരുന്നു. അദ്ദേഹം എപ്പോഴും എനിക്കായി അവരുടെ പക്കൽ നിന്ന് ഒരു ഗ്ലാസ് ലഭ്യമാക്കും. ഒരു ഘട്ടത്തിനുശേഷം ഗുസ്തിക്കാർ എനിക്ക് വേണ്ടിയും ബദാം മിൽക്ക് കരുതുമായിരുന്നു, ”ഉഷ പറയുന്നു.
മുട്ടയും മാംസവും കഴിക്കാതിരുന്ന ഉഷയോട് അത്തരം ഭക്ഷണങ്ങൾ കഴിക്കാൻ നിർബന്ധിച്ചതും നമ്പ്യാർ ആയിരുന്നു. മുട്ടയുടെ ഗന്ധം ഇഷ്ടപ്പെടാത്തതിനാൽ ആദ്യം ഉഷയ്ക്ക് അത് ബുദ്ധിമുട്ടായിരുന്നു. എന്നാൽ അത് കഴിക്കുന്നത് ട്രാക്കിലും പരിശീലന വേളയിലും തനിക്ക് ഗുണം ചെയ്യുമെന്നതിനാൽ അത് കഴിക്കാൻ ആരംഭിച്ചു.
“ഞാൻ മത്സ്യം കൂടി കഴിക്കുന്ന വെജിറ്റേറിയനായിരുന്നു. സ്പോർട്സ് ഹോസ്റ്റലിൽ വച്ച്, ഞാൻ വേവിച്ച മുട്ട കഴിക്കില്ലായിരുന്നു, അത് എന്റെ ബാഗിൽ സൂക്ഷിക്കുകയായിരുന്നു ചെയ്യാറ്. എന്നാൽ ഒടുവിൽ, നമ്പ്യാർ സർ അത് കണ്ടെത്തി എന്നെ വഴക്കു പറഞ്ഞു. എന്റെ ബാഗിൽ ധാരാളം മുട്ടകൾ ഉണ്ടായിരുന്നു, അവ കേടാവാൻ തുടങ്ങുകയും ചെയ്തിരുന്നു,”ഉഷ പറഞ്ഞു.
കാലക്രമേണ, മുട്ടയും പാലും ചേർത്ത എഗ്-ഫ്ലിപ് കഴിക്കാൻ ഉഷ ആരംഭിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ നമ്പ്യാർ ഇത് ഉഷക്ക് നൽകുമായിരുന്നു. “ഞാൻ വിരലുകൊണ്ട് എന്റെ മൂക്ക് പൊത്തിയായിരുന്നു അത് കുടിച്ചിരുന്നത്. നമ്പ്യാർ സർ എനിക്ക് തരുന്ന സമയത്ത് ഞാൻ അത് കുടിച്ചു,” പിടി ഉഷ പറഞ്ഞു.
1980 കളുടെ തുടക്കത്തിൽ, തന്നെ സംബന്ധിച്ച് നമ്പ്യാർ സർ ഒപ്പമുണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഉഷയ്ക്ക് അറിയാമായിരുന്നു. പേഴ്‌സണൽ കോച്ച് എന്ന ആശയം ഇന്ത്യയിൽ കേൾക്കാത്തതായിരുന്നുവെന്നും ഉഷ പറയുന്നു. ഒരിക്കൽ ഒരു അത്‌ലറ്റ് ഇന്ത്യൻ ടീമിന്റെ ഭാഗമായാൽ ദേശീയ ക്യാമ്പിലെ പരിശീലകർ ആണ് അവരെ പരിശീലിക്കുക. എന്നാൽ ഈ സമ്പ്രദായം മാറ്റുന്നതിനായി ഉഷ ഉറച്ചുനിന്നു. അത്‌ലറ്റിക്സ് ഫെഡറേഷൻ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ അവർ ആദ്യം ശ്രമിച്ചു, പക്ഷേ അത് പരാജയപ്പെട്ടപ്പോൾ അവർ കായിക മന്ത്രാലയത്തെ സമീപിച്ചു. ഒടുവിൽ അവർ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വാതിലിൽ മുട്ടി
“പ്രധാനമന്ത്രി അവളുടെ ഓഫീസിൽ ഇല്ലായിരുന്നു, പക്ഷേ ഞാൻ പിസി അലക്സാണ്ടറിനെ (പ്രിൻസിപ്പൽ സെക്രട്ടറി) കണ്ടു, നമ്പ്യാർ സർ എന്നോടൊപ്പം യാത്ര ചെയ്യുന്നത് നിർണായകമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ‘വിഷമിക്കേണ്ട, അത് ചെയ്യും’ എന്ന് അലക്സാണ്ടർ പറഞ്ഞു,” പിടി ഉഷ ഓർത്തെടുക്കുന്നു.
ഹർഡിൽസിലേക്ക് ശ്രദ്ധതിരിക്കാനുള്ള തീരുമാനം
1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിനായി 400 മീറ്റർ ഹർഡിൽസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആശയംനമ്പ്യാർ മുന്നോട്ടുവച്ച സമയത്തായിരുന്നു ഇത്. താരതമ്യേന പുതിയ ഇവന്റ് എന്ന നിലയിലും ആദ്യമായി ഒളിമ്പിക്‌സിന്റെ ഭാഗമാകുന്നു എന്നതിനാലും ഇത് പരിശീലകന്റെ മികച്ച നീക്കമായിരുന്നു. ഡൽഹിയിലെ ഏഷ്യാഡിൽ 100 മീറ്ററിലും 200 മീറ്ററിലും ഉഷ വെള്ളിമെഡൽ ആ സമയത്ത് നേടിയിരുന്നു. തന്റെ ശിഷ്യയെ പുതിയ വെല്ലുവിളികൾ നേരിടാൻ പ്രാപ്തയാക്കാൻ പരിശീലകൻ ആഗ്രഹിച്ചിരുന്നു.
കുവൈത്തിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ 400 മീറ്റർ ഓട്ടത്തിൽ ഉഷയുടെ കഴിവ് നമ്പ്യാർ പരീക്ഷിച്ചറിഞ്ഞിരുന്നു. കുവൈറ്റ് സിറ്റിയിൽ നടന്ന മത്സരത്തിൽ അവർ സ്വർണം നേടിയപ്പോൾ അത് ശരിയായ പാതയിലാണെന്ന് നമ്പ്യാറിനെ ആത്മവിശ്വാസത്തിലാക്കി.
“എനിക്ക് നന്നായി മുന്നേറാൻ കഴിഞ്ഞെന്ന് നമ്പ്യാർ സർ എന്നോട് പറഞ്ഞു, 400 മീറ്റർ ഹർഡിൽസ് റണ്ണറാകാൻ എനിക്ക് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു,” ഉഷ പറയുന്നു.
ലോസ് ഏഞ്ചലസിൽ
ലോസ് ഏഞ്ചലസിൽ നാലാം സ്ഥാനം ലഭിച്ച് ഒളിമ്പിക് പ്രതീക്ഷകൾ അവസാനിച്ചതിനെക്കുറിച്ചും പി ടി ഉഷ വീണ്ടും പറയുന്നു. തന്റെ പരിശീലകന്റെ അവസ്ഥ ആശ്വസിപ്പിക്കാവുന്നതിലും അപ്പുറമായിരുന്നെന്നും അവർ ഓർക്കുന്നു
“ആദ്യം അവർ മികച്ച മൂന്ന് ഫിനിഷർമാരെ പ്രഖ്യാപിച്ചപ്പോൾ എന്റെ പേര് മൂന്നാമതായിരുന്നു. പിന്നെ അവർ സ്ലോ മോഷൻ ക്യാമറയിൽ അരമണിക്കൂറോളം നിരീക്ഷിക്കാൻ തുടങ്ങി. റൊമാനിയൻ താരം മൂന്നാം സ്ഥാനത്തെത്തിയെന്ന് ഔദ്യോഗികമായി അറിയിച്ചപ്പോൾ ഞാൻ ഡോപ്പ് റൂമിലായിരുന്നു. നമ്പ്യാർ സർ തകർന്നു. അദ്ദേഹത്തിന് കരച്ചിൽ അവസാനിപ്പിക്കാനായില്ല. ഞാൻ ഉള്ളിൽ വേദനിപ്പിക്കുകയായിരുന്നു, പക്ഷേ എന്റെ കോച്ച് അത് കാണരുതെന്ന് ഞാൻ കരുതി. അതിനാൽ ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു, ഒപ്പം അദ്ദേഹത്തെയും ‘വിഷമിക്കേണ്ട, അടുത്ത ഒളിമ്പിക്സിൽ ഞങ്ങൾ ഒരു മെഡൽ നേടുമെന്ന്’ ഞാൻ അദ്ദേഹത്തോട് പറഞ്ഞു,” ഉഷ ഓർക്കുന്നു
ഉഷയും നമ്പ്യാറും ഏഷ്യയിൽ മെഡലുകൾ നേടിയെങ്കിലും ഒളിമ്പിക് മെഡൽ നേട്ടം പൂർത്തീകരിക്കാത്ത സ്വപ്നമായി അവശേഷിച്ചു. ‘ഒരു വലിയ ദുഖം’ എന്നാണ് ഇരുവരും ഇതിനെ വിളിച്ചത്.
‘ഉഷ ഫിനിഷ് ലൈനിൽ ഒന്ന് എത്തിയിരുന്നെങ്കിൽ മാത്രം’, എന്ന് നമ്പ്യാർ അന്ന് പറഞ്ഞു. ‘എനിക്ക് വേണ്ടത്ര എക്‌സ്‌പോഷർ ലഭിച്ചില്ലായിരിക്കാം’, എന്ന് അന്ന് ഉഷ സ്വയം ആശ്വസിപ്പിച്ചു.
ദ്രോണാചാര്യ അവാർഡ് ജേതാവായ പരിശീലകന് അഭിമാനകരമായ സിവിലിയൻ അവാർഡ് ലഭിക്കുമ്പോൾ ഒരു ഉപജില്ലാ മീറ്റിലാണ് ആദ്യമായി അദ്ദേഹത്തെ കണ്ടതെന്നും ഉഷ ഓർക്കുന്നു. “നമ്പ്യാർ സാറിന്റെ മാർഗ്ഗനിർദ്ദേശം ഇല്ലായിരുന്നെങ്കിൽ ഞാൻ രാജ്യത്തിനായി ചെയ്‌തതൊന്നും എനിക്ക് നേടാൻ കഴിയുമായിരുന്നില്ല,” എന്നും അവർ പറഞ്ഞു.
തയ്യാറാക്കിയത്: നിഹാൽ കോശി
The post സങ്കടത്താൽ ഉലഞ്ഞു പോകുന്നു; നമ്പ്യാരുടെ നിര്യാണത്തിൽ ഉഷ appeared first on Indian Express Malayalam.