മംഗളൂരു > കർണാടകയിൽ കേന്ദ്രമന്ത്രി പങ്കെടുത്ത ഘോഷയാത്രക്കിടെ പാർട്ടി പതാക കെട്ടിയ തോക്ക് കൊണ്ട് ആകാശത്തേക്ക് വെടിവെച്ച നാല് ബിജെപിക്കാർ അറസ്റ്റിൽ. യദഗീർ ജില്ലയിലെ ശരണപ്പ, ലിംഗപ്പ, ദേവപ്പ, നഞ്ചപ്പ എന്നിവരാണ് അറസ്റ്റിലായത്. വെടിവെക്കാൻ പ്രേരിപ്പിച്ച നേതാക്കൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല.
ബിജെപി രാജ്യത്തുടനീളം നടത്തുന്ന ജൻ ആശിർവാദ് യാത്രയുടെ ഭാഗമായി കേന്ദ്ര രാസവസ്തു സഹമന്ത്രി ഭഗവന്ത് ഗുബ , മുൻമന്ത്രിമാരായ രാജു ഗൗഡ, ബാബബു റാവു ചിൻഞ്ചൻസൂർ ,വെങ്കട്ട്റെഡ്ഡി മുദ്നാൽ എംഎൽഎ എന്നിവരുൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് നടത്തിയ പരിപാടിക്കിടെയാണ് വെടിവെപ്പ്. നിരവധി പ്രവർത്തകരാണ് കൊടി കെട്ടിയ തോക്കുമായി തെരുവിലിറങ്ങിയത്. മുൻ മന്ത്രി ബാബുറാവു പ്രവർത്തകരെ വെടിവെക്കാൻ പ്രേരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പുതുതായി ചുമതലയേറ്റ കേന്ദ്ര മന്ത്രിമാർ ജനങ്ങളുടെ ആശീർവാദം തേടാനും നരേന്ദ്ര മോദി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിക്കാനും അതാത് സംസ്ഥാനങ്ങളിൽ നടത്തുന്ന ‘ജൻ ആശിർവാദ് യാത്ര’ കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ പുതുതായി ഉൾപ്പെട്ട 39 മന്ത്രിമാരും 19 സംസ്ഥാനങ്ങളിൽ മൂന്ന് ദിവസങ്ങളിലായാണ് യാത്ര.