ആലപ്പുഴ: സിപിഎം അനുഭാവിക്ക് വീട് നിർമിച്ച് നൽകി കെ.സി വേണുഗോപാൽ എം.പി. ആലപ്പുഴ പള്ളത്തുരുത്തി സ്വദേശി ഉത്തമനാണ് കെ.സി വേണുഗോപാൽ വീട് നിർമിച്ച് നൽകിയത്. കാലിന് വൈകല്യമുള്ളയാളാണ് ഉത്തമൻ. ആകെയുള്ള കുടിൽ പാടശേഖരത്തോട് ചേർന്നായതിനാൽ മഴക്കാലമായാൽ വെള്ളത്തിൽ മുങ്ങും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയുടെ ആലപ്പുഴയിലെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഉത്തമന്റെ വീട്. ഉത്തമന്റെ ദയനീയ അവസ്ഥ പലരിൽ നിന്നായി കേട്ട എംപി ഉത്തമന് വീട് നൽകാൻ തീരുമാനിക്കുകയായിരുന്നു.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസൽ & ഷബാന ഫൗണ്ടേഷനുമായി ചേർന്നാണ് വീട് വെച്ചുനൽകുന്നത്. പള്ളത്തുരുത്തിയിലെ കായലരികത്ത് വെച്ച് നടത്തിയ ചടങ്ങിൽ ഉത്തമന് കെസി വേണുഗോപാൽ എംപി താക്കോൽ കൈമാറി.
രാഷ്ട്രീയത്തിനപ്പുറം എല്ലാവരും എന്റെ നാട്ടുകാരാണ്. ഇപ്പോൾ ഇവിടെ നിന്നുള്ള ജനപ്രതിനിധി അല്ലെങ്കിൽ പോലും ആലപ്പുഴയിലെ ജനങ്ങളോട് എന്നും കടപ്പാടും സ്നേഹവുമുണ്ട്. തിരഞ്ഞെടുപ്പുകളിലും നിലപാടുകളിലും വിശ്വസിക്കുന്ന ആശയങ്ങളിലും മാത്രമാണ് രാഷ്ട്രീയമുള്ളത്, പ്രവർത്തനങ്ങളിലും ജനസേവനത്തിലും മനുഷ്യ സ്നേഹത്തിന്റെ രാഷ്ട്രീയമായിരിക്കണം പ്രതിഫലിക്കേണ്ടത്, താക്കോൽ കൈമാറിക്കൊണ്ട് കെസി വേണുഗോപാൽ വ്യക്തമാക്കി.
രാഷ്ട്രീയം മറന്ന് സഹായിക്കാൻ തയ്യാറായ എം.പിയുടെ നടപടിയെ പ്രശംസിച്ച് സംവിധായകൻ ആലപ്പി ആഷ്റഫും രംഗത്തുവന്നു.
Content Highlight: KC Venugopal MP builds house for CPM worker