ഇ ബുൾജെറ്റിൻ്റെ പേജിലുണ്ടായിരുന്ന വീഡിയോകൾ തെളിവായി എടുത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇവരുടെ പേജിലുണ്ട്. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കും. എബിൻ, ലിബിൻ എന്നിവരുടെ അറസ്റ്റ് ഉണ്ടായ സമയത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ രീതിയിലുള്ള പോസ്റ്റ് ഇട്ടവർക്കെതിരെ കണ്ണൂർ സൈബർ പോലീസ് കേസെടുത്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
എബിനും ലിബിനുമെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ആർ.ടി ഓഫീസിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിൻ്റെ പേരിൽ അറസ്റ്റിലായ ഇവർക്ക് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നല്‍കിയത്.
തങ്ങള്‍ക്കെതിരെ നടക്കുന്നത് ആസൂത്രിതമായ വേട്ടയാടലാണെന്ന് ചൊവ്വാഴ്ച വൈകിട്ട് പുറത്തുവിട്ട വീഡിയോയിലൂടെ ഇ ബുൾജെറ്റ് സഹോദരങ്ങള്‍ വ്യക്തമാക്കിയിരുന്നു. “തങ്ങളെ കേസുകളിൽ കുടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ അറിവില്ലായമ ചൂഷണം ചെയ്ത് നിയമ സംവിധാനങ്ങള്‍ ക്രൂശിക്കുകയാണ്. കഞ്ചാവിനെതിരെ പ്രചാരണം നടത്തിയവരാണ് ഞങ്ങൾ. വേട്ടയാടൽ തുടരുകയാണെങ്കിൽ വാൻ ലൈഫ് നിർത്തി കേരളത്തിലെ അഴിമതിയും ഉദ്യോഗസ്ഥരുടെ അനധീകൃതമായ സ്വത്ത് സമ്പാദനവും പുറത്തുകൊണ്ടുവരും. സാമൂഹിക പ്രതിബദ്ധതയോടെ തങ്ങള്‍ ഇടപെട്ട കാര്യങ്ങളില്‍ ചിലര്‍ക്കുണ്ടായ ബുദ്ധിമുട്ട് കാരണമാണ് വേറെയൊരു രീതിയിൽ ആക്രമിക്കാൻ കാരണമായി. തങ്ങളെ ആരോ ഭയപ്പെടുന്നുവെന്ന സത്യം മനസ്സിലായി. അവർ തങ്ങളെ വേട്ടയാടുകയായിരുന്നു”- എന്നും വീഡിയോയിൽ ഇ ബുൾജെറ്റ് സഹോദരങ്ങള്‍ പറഞ്ഞിരുന്നു.