കൊച്ചി> യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ ഓണസമ്മാനമായി നൽകിയ 10000 രൂപയുടെ ഉറവിടം അന്വേഷിക്കണമെന്ന് പ്രതിപക്ഷം. തുക തിരിച്ചു നൽകിയ എൽഡിഎഫ് കൺസിലർമാർ വിജിലൻസിൽ അധ്യക്ഷക്കെതിരെ പരാതി നൽകി. കൗൺസിലർമാർക്ക് നൽകിയ തുകയുടെ ഉറവിടം അറിയണമെന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് കൗൺസിലർമാർ വിജിലൻസിന് പരാതി നൽകിയത്.
അതേസമയം പണം നൽകിയതായി ഭരണപക്ഷ അംഗവും 12ാം ഡിവിഷൻ കൗൺസിലറുമായ വി ഡി സുരേഷും പണം നൽകിയതായി സമ്മതിച്ചു. സംഭവം അന്വേഷിക്കണമെന്ന് കോൺഗ്രസ് പാർടിയോട് ആവശ്യപ്പെട്ടുവെന്നും സുരേഷ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ ഓണപ്പുടവയും പണമടങ്ങിയ കവറും കൗൺസിലർമാർക്ക് നൽകിയത്. ഓരോ കൗൺസിലാർമാരെയും ക്യാബിനിലേക്ക് വിളിച്ചുവരുത്തി കവർ നൽകുകയായിരുന്നുവെന്ന് പറയുന്നു.
നഗരസഭയിൽ നടന്ന ക്രമക്കേടുകളുടെ ഭാഗമായുള്ള പണമാണ് വിതരണം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. 25 ലക്ഷം രൂപയുടെ തിരിമറിയാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഓണസമ്മാനം നൽകാൻ നഗരസഭയിൽ പ്രത്യേക ഫണ്ട് ഇല്ലെന്നും പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷത്തെ അടക്കം പതിനെട്ട് കൗൺസിലർമാർ ഇതിനകം പണം തിരിച്ച് നൽകി. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്. 43 പേർക്ക് പണം നൽകാൻ ചരുങ്ങിയത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും.
ഇതോടൊപ്പംതന്നെ ആശാ വർക്കർമാർക്കും അധ്യക്ഷ ഓണപ്പുടവ നൽകിയിരുന്നു. അവരത് തിരികെ ഏൽപ്പിച്ചു. നഗരസഭയിലെ 28–-ാംവാർഡിലെ ആശാ വർക്കർ കെ ആർ ശ്രീജയെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഓണപ്പുടവ തിരികെ ഏൽപ്പിച്ചത്.ആരോപണം അജിത തങ്കപ്പൻ നിഷേധിച്ചു.