ലണ്ടണ്‍: പേസിനെ അനുകൂലിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പല തവണ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പരാജയപ്പെടുന്നത് നിരവധി തവണ കണ്ടിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ചേര്‍ന്ന് അതിനൊരു മാറ്റം കൊണ്ടു വന്നു. ഇരുവരുടേയും സൂക്ഷ്മതയോടെയുള്ള ബാറ്റിങ് ഇന്ത്യക്ക് നല്‍കിയത് വിജയത്തിലേക്കുള്ള ആദ്യ ചുവടായിരുന്നു.
ലോര്‍ഡ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 126 റണ്‍സ്. ഇരുവരുടേയും പ്രകടനം ടീമിന് ഇപ്പോള്‍ എത്രത്തോളം നിര്‍ണായകമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര വിവരിച്ചു. “ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് വിദേശ പിച്ചുകളില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാതിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ രോഹിതും രാഹുലും അത് പരിഹരിച്ചു,” ചോപ്ര തന്റെ യൂട്യൂബ് ചാനല്‍ വീഡിയോയില്‍ പറഞ്ഞു.
“ആദ്യ ടെസ്റ്റിലും അവര്‍ മികവ് കാണിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങുക, അതും നിര്‍ണായക പരമ്പരയിലെ ആദ്യ മത്സരത്തില്‍. സാഹചര്യങ്ങള്‍ ഒന്നും തന്നെ അനുകൂലമായിരുന്നില്ല. ഓപ്പണിങ് കൂട്ടുകെട്ട് ശക്തമായി തുടരുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും തിരിഞ്ഞു നോക്കേണ്ടി വരില്ല,” ചോപ്ര പറഞ്ഞു.
“തുടക്കത്തില്‍ രോഹിത് ആധിപത്യം സ്ഥാപിക്കും, പിന്നാലെ രാഹുലും. 100 റണ്‍സിന് മുകളിലുള്ള കൂട്ടുകെട്ടില്‍ കളിയുടെ എല്ലാ സൗന്ദര്യവും അടങ്ങിയിട്ടുണ്ട്. അസാധ്യമെന്ന് തന്നെ വിശേഷിപ്പിക്കാം,” ചോപ്ര കൂട്ടിച്ചേര്‍ത്തു.
രോഹിത് പുള്‍ ഷോട്ടില്‍ പുറത്തായതിനെക്കുറിച്ചും ചോപ്ര തന്റെ നിലപാട് അറിയിച്ചു. “പുള്‍ ഷോട്ട് കളിച്ചാണ് പുറത്തായതെങ്കിലും ബാറ്റിങ് പരിശോധിക്കുകയാണെങ്കില്‍, രോഹിതിന്റെ മികവിനെക്കുറിച്ച് ചോദ്യങ്ങളുടെ ആവശ്യമില്ല. രാഹുല്‍ തന്റെ വരവറിയിച്ചു. രണ്ട് പേര്‍ക്കും കാര്യക്ഷമതയുമുണ്ട് ഫലപ്രദവുമാണ്,” ചോപ്ര വ്യക്തമാക്കി.
Also Read: എൻസിഎ മേധാവി; അപേക്ഷ സമർപ്പിച്ചത് രാഹുൽ ദ്രാവിഡ് മാത്രം, തീയതി നീട്ടി ബിസിസിഐ
The post ആദ്യം രോഹിതിന്റെ ആധിപത്യം, പിന്നാലെ രാഹുലും; അതിശയകരമെന്ന് ആകാശ് ചോപ്ര appeared first on Indian Express Malayalam.