കൊച്ചി
പോപ്പുലർ ഫിനാൻസിന്റെ ഇടപ്പള്ളി ശാഖയിൽ സിബിഐ റെയ്ഡ് നടത്തി. ഇവിടെ നടന്ന ഇടപാടുകളുടെ രേഖകളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു. കംപ്യൂട്ടർ ഹാർഡ്ഡിസ്കുകൾ ഉൾപ്പെടെ പിടിച്ചെടുത്തു. ഇടപ്പള്ളി ശാഖയിൽമാത്രം ആറുകോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഈ ശാഖയിലെ ഇടപാടുകൾ സംബന്ധിച്ച് അറുപതി-ലേറെ പരാതികൾ ലഭിച്ചിരുന്നു.
പോപ്പുലർ ഫിനാൻസ് ഉടമയും കുടുംബാംഗങ്ങളും ചേർന്ന് 1600 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നാണ് വിവരം. തട്ടിയെടുത്ത തുകയിൽ ഏറിയ പങ്കും ഓസ്ട്രേലിയയിലേക്ക് കടത്തി. മുഖ്യപ്രതി റോയി ഡാനിയൽ ഡയറക്ടറായി ഓസ്ട്രേലിയയിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ കൂടുതൽ തെളിവുകൾ ബുധനാഴ്ചത്തെ റെയ്ഡിൽ കണ്ടെത്തിയെന്നാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിരുന്നു. കേസ് ഏറ്റെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും അടിയന്തരമായി അന്വേഷണം ഏറ്റെടുക്കാൻ സിബിഐയോട് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ സംസ്ഥാനത്താകെ ആയിരത്തിലധികം കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.















