തൃക്കരിപ്പൂർ
ഇ കെ വിഭാഗം സമസ്തയുടെ കീഴിൽ തൃക്കരിപ്പൂരിൽ പ്രവർത്തിക്കുന്ന ജാമിഅ സഅദിയ്യ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ 2.3 ഏക്കർ ഭൂമി തട്ടിയ സംഭവത്തിൽ മുസ്ലിംലീഗ് നേതാക്കൾ നിയമക്കുരുക്കിലേക്ക്. ഭൂമി ഒരുവർഷംമുമ്പ് സ്വകാര്യ ട്രസ്റ്റിന് കൈമാറിയ സംഭവത്തിൽ വഖഫ് ബോർഡ് നടപടി തുടങ്ങി. വഖഫ് മന്ത്രിക്കും ബോർഡിനും നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് കേസടുക്കുന്നത്. വിഷയം സി എച്ച് കുഞ്ഞമ്പു എംഎൽഎ നിയമസഭയിലും ഉന്നയിച്ചിരുന്നു. വിറ്റ ഭൂമി തിരിച്ചുപിടിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വി അബ്ദുൾ റഹ്മാൻ സഭയിൽ വ്യക്തമാക്കുകയുംചെയ്തിരുന്നു.
മഞ്ചേശ്വരം മുൻ എംഎൽഎ എം സി ഖമറുദ്ദീൻ ചെയർമാനും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ ചാരിറ്റബിൾ എഡ്യൂക്കേഷണൽ ട്രസ്റ്റാണ് അഗതിമന്ദിരവും ജെംസ് സ്കൂളും ഉൾപ്പെടുന്ന ഭൂമി ചുളുവിലക്ക് തട്ടിയെടുത്തത്. ജ്വല്ലറിത്തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ ടി കെ പൂക്കോയ തങ്ങൾ പ്രസിഡന്റായ അഗതിമന്ദിരത്തിന്റെ ഭൂമിയാണ് കൈമാറിയത്. വഖഫ് നിയമത്തിലെ 52 എ വകുപ്പനുസരിച്ച് വഖഫ് ഭൂമി അനുമതിയില്ലാതെ കൈമാറുന്നത് ക്രിമിനൽ കുറ്റമാണ്. സംഭവം വിവാദമായതോടെ 2020 ജൂണിൽ ഭൂമി തിരിച്ചുനൽകി തലയൂരാൻ ലീഗ് നേതാക്കൾ ശ്രമിച്ചിരുന്നു. സമസ്തയുടെ യുവജനവിഭാഗമായ എസ്കെഎസ്എസ്എഫാണ് ആദ്യം രംഗത്തുവന്നത്. ജ്വല്ലറിത്തട്ടിപ്പു കേസിലും സംഘടനാ പ്രശ്നങ്ങളിലും വലയുന്ന മുസ്ലിംലീഗിന് വഖഫ് ഭൂമി തട്ടിപ്പും മറ്റൊരു തലവേദനയാകുകയാണ്.