കൊച്ചി
ഏക രക്ഷിതാവിന്റെയും അവിവാഹിത അമ്മയുടെയും കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷൻ നടത്താൻ അച്ഛന്റെ പേര് ഒഴിവാക്കി സർക്കാർ പ്രത്യേക അപേക്ഷാഫോറം തയ്യാറക്കണമെന്ന് ഹൈക്കോടതി. നിലവിലെ അപേക്ഷാഫോറത്തിൽ അച്ഛന്റെ പേര് നിർബന്ധമായും ഉൾപ്പെടുത്തണമെന്ന നിബന്ധന ഇത്തരത്തിലുള്ള അമ്മമാരുടെ സ്വകാര്യതയുടെ ലംഘനമാണെന്നും ജസ്റ്റിസ് സതീഷ് നൈനാൻ ഉത്തരവിൽ വ്യക്തമാക്കി. കൃത്രിമ ഗർഭധാരണമാർഗങ്ങളിലൂടെയും വിവാഹം ചെയ്യാത്ത അമ്മമാരുടെയും കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് നിർബന്ധമായും ചേർക്കണമെന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് ഉത്തരവ്.
അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജീസ് (എആർടി)വഴി ഗർഭിണിയാകുമ്പോൾ ബീജദാതാവിന്റെ പേര് എല്ലായിപ്പോഴും വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഇവരുടെ കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷൻ സമയത്ത് എആർടി മാർഗത്തിലൂടെയുള്ള കുഞ്ഞാണെന്ന സത്യവാങ്മൂലവും മെഡിക്കൽരേഖയും ഹാജരാക്കിയാൽ പ്രത്യേക അപേക്ഷാഫോറം നൽകി രജിസ്ട്രേഷൻ നടത്തണമെന്നും കോടതി നിർദേശിച്ചു. നിലവിലെ അപേക്ഷാഫോറത്തിൽ അമ്മയുടെ പേര് എഴുതിയശേഷം അച്ഛന്റെ പേരിന്റെ സ്ഥാനം ഒഴിച്ചിടുന്നത് അമ്മയുടെ മൗലികാവകാശങ്ങളായ അന്തസ്സിന്റെയും സ്വകാര്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. ജനന, മരണ സർട്ടിഫിക്കറ്റുകളിൽ അച്ഛന്റെ പേരും വിദ്യാഭ്യാസവും തൊഴിലും മറ്റ് വിവരങ്ങളും ചോദിക്കുമ്പോൾ അമ്മയുടെ പേരുപോലും ചോദിക്കുന്നില്ലെന്നും ഹർജിയിൽ പറഞ്ഞു.
വിവാഹമോചനം നേടിയ താൻ അജ്ഞാതദാതാവിന്റെ ബീജം സ്വീകരിച്ച് ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെയാണ് ഗർഭിണിയായതെന്നും ഈ വിവരം മറ്റുള്ളവരോട് പറയാൻ കഴിയില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. എട്ടുമാസം ഗർഭിണിയായ പരാതിക്കാരിയുടെ ആവശ്യത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഇത്തരത്തിലുണ്ടാകുന്ന കുട്ടികളുടെ ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ പ്രത്യേക ഫോറം ഉൾപ്പെടെ തയ്യാറാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.















