പേരാമ്പ്ര
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് മുതുകാട് നാലാം ബ്ലോക്കിലെ ഉള്ളാട്ടിൽ ചാക്കോയുടെ വീട്ടിൽ മൂന്ന് മാവോയിസ്റ്റുകളെത്തിയത്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണുള്ളത്. ഇവർ ഒന്നര മണിക്കൂറോളം ചാക്കോയുടെ വീട്ടിൽ ചെലവഴിച്ചു. ഇതിനിടയിൽ ലാപ് ടോപ്പും മൊബൈൽ ഫോണും ചാർജ് ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പഞ്ചായത്ത് പ്രസിഡന്റിനും എതിരായുള്ള അച്ചടിച്ച പോസ്റ്ററുകൾ വീട്ടിലുള്ളവർക്ക് നൽകി. വീട്ടിൽനിന്ന് ബലമായി ഭക്ഷണസാധനങ്ങൾ കൈവശപ്പെടുത്തിയ ശേഷം വന്ന വിവരം പുറത്ത് പറയരുതെന്ന് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് സ്ഥലം വിട്ടത്.
വിവരമറിഞ്ഞ് പേരാമ്പ്ര ഡിവൈഎസ്പി ജയൻ ഡൊമിനിക്, പെരുവണ്ണാമൂഴി ഇൻസ്പെക്ടർ കെ ഷാജിബ് എന്നിവരുടെ നേതൃത്വത്തിൽപൊലീസെത്തി അന്വേഷണം നടത്തി. ബോംബ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവരും പരിശോധന നടത്തി.
മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി ഡിവൈഎസ്പി ദേശാഭിമാനിയോട് പറഞ്ഞു. പൊലീസിന്റെ പക്കലുള്ള ഫോട്ടോകൾ വീട്ടുകാരെ കാണിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്. സർക്കാരിന്റെ അജൻഡയിലില്ലാത്ത മുതുകാട് മേഖലയിലെ ഇരുമ്പയിർ ഖനനത്തിന്റെ പേരിൽ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് മാവോയിസ്റ്റുകളുടെ ശ്രമമെന്നും ഇതിന് തദ്ദേശീയരായ ചിലരുടെ പിന്തുണയുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലും മുതുകാട് വ്യാപകമായി മാവോയിസ്റ്റുകളുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.