ബെർലിൻ
റോബർട്ടോ ലെവൻഡോവ്സ്കിയുടെ ഗോളടിയിൽ ബയേൺ മ്യൂണിക്കിന് മറ്റൊരു കിരീടംകൂടി. ജർമൻ സൂപ്പർ കപ്പ് കിരീടമാണ് ബയേൺ നേടിയത്. ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3–1ന് തോൽപ്പിച്ചു. ലെവൻഡോവ്സ്കി ഇരട്ടഗോളടിച്ചു. കഴിഞ്ഞവർഷവും ബയേണിനായിരുന്നു കിരീടം. ഇഡുന പാർക്കിൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോൾ. രണ്ടാംപകുതിയുടെ തുടക്കത്തിൽ തോമസ് മുള്ളർ നേട്ടം രണ്ടാക്കി. പിന്നാലെ ഡോർട്ട്മുണ്ട് ഒരെണ്ണം തിരിച്ചടിച്ചു. മാർകോ റ്യൂസാണ് ഗോൾ നേടിയത്.
പത്ത് മിനിറ്റിനുള്ളിൽ ലെവൻഡോവ്സ്കി രണ്ടാംഗോളിലൂടെ ബയേൺ ജയം ഉറപ്പാക്കി. ഡോർട്ട്മുണ്ടിനെതിരെ ഈ പോളണ്ടുകാരന്റെ 24–ാംഗോളാണിത്. 2010 മുതൽ 14 വരെ ഡോർട്ട്മുണ്ടിന്റെ ഭാഗമായിരുന്നു ലെവൻഡോവ്സ്കി. ലീഗ് ചാമ്പ്യൻമാരും ജർമൻ കപ്പ് ചാമ്പ്യൻമാരും തമ്മിലുള്ള പോരാട്ടമാണ് ജർമൻ സൂപ്പർ കപ്പ്. പുതിയ പരിശീലകൻ ജൂലിയൻ നാഗെൽസ്മാനിന് കീഴിൽ ബയേണിന്റെ ആദ്യ കിരീടമാണിത്. ജർമൻ ലീഗിൽ ആദ്യ മത്സരത്തിൽ ബയേൺ സമനില വഴങ്ങിയിരുന്നു.