നയ്റോബി
അണ്ടർ 20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മിക്സഡ് റിലേ ടീം ചരിത്രമെഴുതി. 4–400 മീറ്റർ മിക്സഡ് റിലേയിൽ വെങ്കലമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് മിക്സഡ് റിലേ ഉൾപ്പെടുത്തുന്നത്. എസ് ഭരത്, പ്രിയ മോഹൻ, സമ്മി, കപിൽ എന്നിവരാണ് ഇന്ത്യക്കുവേണ്ടി ഓടിയത്. ഹീറ്റ്സിൽ മലയാളി താരം അബ്ദുൾ റസാക്കും ഓടിയിരുന്നു.
നെെജീരിയ ഒന്നാമതെത്തി (3:19.70). പോളണ്ട് വെള്ളി നേടി (3:19.80). 3:20.60 സമയത്തിലായിരുന്നു ഇന്ത്യ വെങ്കലത്തിലേക്ക് കുതിച്ചത്. ജമെെക്ക, ദക്ഷിണാഫ്രിക്ക, ഇറ്റലി, ശ്രീലങ്ക, ചെക്ക് റിപ്പബ്ലിക് ടീമുകളും ഫെെനലിൽ അണിനിരന്നു. ഹീറ്റ്സിൽ ഒന്നാമതായാണ് ഇന്ത്യൻ ടീം മുന്നേറിയത്. 3:23.36 സമയത്തിലായിരുന്നു മുന്നേറ്റം. പ്രിയ മിന്നുന്ന പ്രകടനംപുറത്തെടുത്തു.
വനിതകളുടെ 400 മീറ്ററിലും പ്രിയ ഫെെനലിൽ കടന്നു. പുരുഷന്മാരുടെ ഷോട്പുട്ടിൽ അമൻദീപ് സിങ് ധളിവാളും ഫെെനലിലെത്തി. ജാവലിനിൽ കുൻവെർ അജയ് രാജ് സിങ് റാണ, ജയ്കുമാർ എന്നിവരും മുന്നേറി. കെനിയയിലെ നയ്റോബിയിലാണ് ലോക അണ്ടർ 20 മീറ്റ്.
അണ്ടർ ചാമ്പ്യൻഷിപ് ചരിത്രത്തിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. സീമ ആൻടിൽ (ഡിസ്കസ് ത്രോ, 2002), നവ്ജീത് കൗർ ധില്ലൻ (ഡിസ്കസ് ത്രോ, 2014), നീരജ് ചോപ്ര (ജാവലിൻ, 2016), ഹിമ ദാസ് (400 മീറ്റർ, 2018) എന്നിവരാണ് ഇതിനുമുമ്പ് മെഡൽ നേടിയവർ.റിലേയിൽ ചരിത്രം