മോസ്കോ
അഫ്ഗാനില് അമേരിക്ക പരാജയം നേരത്തേ സമ്മതിക്കേണ്ടതായിരുന്നു എന്ന് മുൻ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവ്. യുഎസ് പിന്തുണയോടെയുള്ള അഫ്‌ഗാന് സര്ക്കാരിനെ വീഴ്ത്തി താലിബാന് അധികാരം പിടിച്ചതിന് പിന്നാലെ റഷ്യന് ഔദ്യോഗിക മാധ്യമമായ ആര്ഐഎയോട് പ്രതികരിക്കുകയായിരുന്നു ഗോർബച്ചേവ്. അമേരിക്ക ഇപ്പോൾ സംഭവിച്ചതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് സമാനമായ തെറ്റുകൾ ആവർത്തിക്കാതിരിക്കണമെന്നും അദ്ദേഹം ഓര്മിപ്പിച്ചു.
മൂന്ന് പതിറ്റാണ്ട് മുമ്പ് അഫ്ഗാനില് നിന്ന് സോവിയറ്റ് യൂണിയന്റെ പിന്മാറ്റം ഗോർബച്ചേവ് പ്രസിഡന്റായിരിക്കെ ആയിരുന്നു. എന്നാല് അഫ്‌ഗാന് ജനതയെ താലിബാന് വിട്ടു നല്കിക്കൊണ്ടുള്ള അമേരിക്കന് സര്ക്കാരിന്റെ ഇറങ്ങിപ്പോക്കിന് സമാനമായിരുന്നില്ല അത്. അഫ്‌ഗാന് സര്ക്കാരിന്റെ സുരക്ഷയ്ക്ക് മുന്തൂക്കം നല്കി അമേരിക്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സര്ക്കാരുകളുമായി കരാര് ഒപ്പിട്ടായിരുന്നു പിന്വാങ്ങല്. ഗോർബച്ചേവ് സോവിയറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായതിന്റെ 30ാം വാർഷികമാണ് വ്യാഴാഴ്ച. ദിവസങ്ങൾക്കകം സോവിയറ്റ് യൂണിയൻ ഇല്ലാതായി.