കാഞ്ഞങ്ങാട്
ഫാഷൻ ഗോൾഡ് നിക്ഷേപ വഞ്ചന കേസിൽ സ്വർണം നഷ്ടപ്പെട്ടത് എങ്ങനെയെന്നും നിക്ഷേപിച്ച പണം എങ്ങനെ ചെലവഴിച്ചുവെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. 800ഓളം പേരിൽനിന്നായി 150 കോടിയോളം രൂപ ജ്വല്ലറിയുടെ പേരിൽ മുസ്ലിം നേതാക്കൾ സമാഹരിച്ചുവെന്നാണ് പുറത്തുവന്ന വിവരം.
ജ്വല്ലറി ചെയർമാൻ എം സി ഖമറുദ്ദീനുപുറമേ എംഡി ടി കെ പൂക്കോയ തങ്ങളും പിടിയിലായതോടെ പണംപോയ വഴി തേടുകയാണ് ക്രൈംബ്രാഞ്ച്. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട് കാസർകോട് ക്രൈംബ്രാഞ്ച് പരിശോധിച്ചു പാസ്പോർട്ട് പിടിച്ചെടുത്തു. കഴിഞ്ഞ പത്തുമാസത്തിനിടെ വിദേശയാത്രയൊന്നും പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. സ്വർണം കൈക്കലാക്കിവരെക്കുറിച്ചുള്ള വിവരം പൂക്കോയ തങ്ങൾ അന്വേഷകസംഘത്തിന് നൽകി. അവരുമായി ചർച്ച ചെയ്തുവെങ്കിലും തിരികെ തരാൻ തയ്യാറായില്ല എന്നാണ് അറിയിച്ചത്. ഫാഷൻ ഗോൾഡിലെ ജീവനക്കാരെയും ഡയറക്ടർമാരിൽ ചിലരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനുമായ ഹിഷാം ദുബായിലാണുള്ളത് എന്നുമറിവായി. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
പൂക്കോയ തങ്ങളെ കണ്ണൂർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തശേഷം ബുധനാഴ്ച വൈകിട്ട് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡിൽതന്നെ വിട്ടു. കണ്ണൂരിലും പയ്യന്നൂരിലും രജിസ്റ്റർ ചെയ്ത കേസുകളിലെ വിവരങ്ങൾ ശേഖരിക്കാനാണ് കണ്ണൂർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.