എൽഡിഎഫിന്റെ തുടർഭരണം തടയാൻ സിബിഐയെ കത്തയച്ചു വിളിച്ചവർക്കെതിരെ അതേ ഏജൻസി തന്നെ അന്വേഷണം നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. സിപിഐ എം നേതൃത്വത്തിലുള്ള ഓണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭരണിക്കാവ് സഹകരണ ബാങ്കിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
തുടർഭരണം തടയുന്നതിൽ യുഡിഎഫ് വിജയിച്ചില്ലെന്ന് മാത്രമല്ല, ആ മുന്നണി വലിയ തകർച്ചയെയും നേരിടുന്നു. സർക്കാരിനും മന്ത്രിമാർക്കും എതിരെ അപവാദ പ്രചാരണം നടത്തി പുകമറ സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ അധികാരം കവരാൻ ശ്രമിക്കുകയും ജനദ്രോഹ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെ യുഡിഎഫ് ഒന്നുംപറയുന്നില്ല.
രണ്ടാംപിണറായി സർക്കാർ കേരളത്തെ ജീവിത സൗകര്യങ്ങളുടെ മേഖലയിൽ ലോക നിലവാരത്തിലേക്കുയർത്തും. കാലത്തിന്റെ വെല്ലുവിളി നേരിടാൻ പുതുതലമുറയെ സജ്ജമാക്കിയാണ് ഇത് സാധ്യമാക്കുക. ഉന്നത വിദ്യാഭ്യാസ രംഗം ക്രിയാത്മകമായി ഉടച്ചുവാർക്കുന്നത് ഇതിനുവേണ്ടിയാണ്. സാങ്കേതിക വിദ്യയിൽ മികവും തൊഴിൽ നൈപുണ്യവും ഉള്ളവരോടാണ് നമ്മുടെ കുട്ടികൾ മത്സരിക്കേണ്ടത്. ഇത് മുന്നിൽ കണ്ടുള്ള പദ്ധതികളാണ് നടപ്പാക്കുക.
നാലാം വ്യവസായ വിപ്ലവത്തിലേക്കാണ് ലോകം ചുവടുവയ്ക്കുന്നത്. സാധാരണ തൊഴിലാളികൾക്ക് വൻതോതിൽ തൊഴിൽ നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. ഇത് മുന്നിൽ കണ്ട് സംരക്ഷണ പദ്ധതി നടപ്പാക്കേണ്ട കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുകയാണ്. നരേന്ദ്ര മോദി സർവതും വിറ്റു തുലയ്ക്കുകയാണ്. ദശലക്ഷം കോടിയുടെ നിക്ഷേപമുള്ള ആയുധ നിർമാണ മേഖല ഉൾപ്പെടെ കോർപ്പറേറ്റുകൾക്ക് വിറ്റു. ഈ വിൽപ്പനയ്ക്കൊടുവിൽ അവശേഷിക്കുക മോദി തലയിൽ അണിയുന്ന തലപ്പാവ് മാത്രമാകും.
പാർലമെന്റ് തുറക്കുന്നത് പൊതുമേഖലയുടെ വിൽപ്പനയ്ക്കു വേണ്ടി മാത്രമാണ്. അവിടെ ചർച്ചയില്ല. ഏകപക്ഷീയമായ നിയമനിർമാണമാണ് നടക്കുന്നത്. രാജ്യത്ത് സർക്കാരിനെതിരെ പൊതുവികാരം ഉയർന്നു. കർഷകവിരുദ്ധ നയങ്ങൾ നടപ്പാക്കിയ ഒരുസർക്കാരിനും അധികകാലം തുടരാനായിട്ടില്ല. കേന്ദ്രം കർഷകരെ ദ്രോഹിക്കുമ്പോൾ മണ്ണിൽ ചവുട്ടി നിൽക്കാനാണ് കേരളം ആഹ്വാനം ചെയ്യുന്നത്. ഒരിഞ്ചു ഭൂമി പോലും തരിശിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കൊപ്പം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക കൂടി സർക്കാരിന്റെ ലക്ഷ്യമാണെന്നും എ വിജയരാഘവൻ പറഞ്ഞു.