കാബൂള്
അഫ്ഗാനിസ്ഥാന് വരും ദിനങ്ങളില് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് സെൻട്രൽ ബാങ്ക് മേധാവി. 900 കോടിയോളം ഡോളറിന്റെ വിദേശനാണ്യ ശേഖരം ഉണ്ടെങ്കിലും അത് യുഎസ് ഫെഡറൽ റിസർവ് ബോണ്ട്, സ്വർണം തുടങ്ങിയ ഇനങ്ങളിൽ വിദേശത്താണ്. രാജ്യത്തിനകത്ത് ഭൗതിക ധനം ഇല്ല–- അഫ്ഗാൻ സെൻട്രൽ ബാങ്ക് മേധാവി അജ്മൽ അഹ്മദി ട്വിറ്ററിൽ കുറിച്ചു.
താലിബാന് മുന്നേറ്റം കാരണം നേരത്തേ തീരുമാനിച്ച പണവും രാജ്യത്തെത്തിയില്ല. എന്താണ് സംഭവിക്കാന് പോകുന്നതെന്ന് മനസിലാക്കാൻ ആഗോളപങ്കാളികള്ക്ക് ബുദ്ധിയുണ്ടായിരുന്നു എന്നാണ് കാണുന്നത്. രാജ്യത്തേക്ക് പണമെത്തുന്നതിനുള്ള വഴികള് എല്ലാം അടഞ്ഞിരിക്കുകയാണ്. അമേരിക്ക താലിബാനെ തീവ്രവാദ സംഘടനയായി കാണുന്നതിനാല് അവിടെയുള്ള നിക്ഷേപം വിട്ടുകിട്ടുക എളുപ്പമല്ല. പണപ്പെരുപ്പം ഉയരുകയും ദരിദ്രരെ കൂടുതല് പ്രതിസന്ധിയിലാക്കുകയും ചെയ്യും. സൈനിക വിജയം നേടാന് താലിബാന് കഴിഞ്ഞെങ്കിലും ഭരണം അത്ര സുഗമമായിരിക്കില്ലെന്നും അജ്മൽ അഹ്മദി കൂട്ടിച്ചേര്ത്തു.