ഇസ്ലാമാബാദ്
യുദ്ധത്തിൽ ദുരിതത്തിലായ അഫ്ഗാൻ ജനതയ്ക്ക് സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിസ്ഥാനിലുള്ള പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാൻ ശ്രമിക്കുകയാണെന്നും ഇമ്രാൻ പ്രസ്താവനയിൽ പറഞ്ഞു. ജർമൻ ചാൻസലർ ആംഗല മെർക്കൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുടങ്ങിയർ ഇമ്രാനെ ഫോണിൽ വിളിച്ച് സംസാരിച്ചു.
അഫ്ഗാനിസ്ഥാനിൽ രൂപംകൊള്ളുന്ന പുതിയ സർക്കാരിനെ ഏകപക്ഷീയമായി അംഗീകരിക്കാനാകില്ലെന്ന് ജോൺസൻ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം ഒന്നാകെ അതിനെ അംഗീകരിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് പാർലമെന്റിൽ ബുധനാഴ്ച അഫ്ഗാൻ വിഷയത്തിൽ നടന്ന ചർച്ചയ്ക്ക് മുന്നോടിയായാണ് ജോൺസൻ ഇമ്രാനെ വിളിച്ചത്. പിന്നീട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും ജോൺസൻ ചർച്ച നടത്തി.
താലിബാനെ അംഗീകരിക്കാൻ തിടുക്കമില്ലെന്നും എന്നാൽ അഫ്ഗാനിലുള്ള തങ്ങളുടെ പൗരരുടെ സുരക്ഷ ഉറപ്പാക്കാൻ അവരുമായി ബന്ധപ്പെടുത്തുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു. താലിബാനിൽനിന്ന് രക്ഷപ്പെട്ട് അഫ്ഗാൻകാർ വലിയ അളവിൽ തങ്ങളുടെ രാജ്യത്തെത്തുമെന്ന ആശങ്കയും ഇ യു അംഗരാജ്യങ്ങൾ പങ്കുവച്ചു.