കാബൂൾ
കാബൂൾ വിമാനത്താവളത്തിൽനിന്ന് അമേരിക്കൻ വിമാനങ്ങളിൽ രാജ്യം വിടാനെത്തുന്ന ഉദ്യോഗസ്ഥർക്കും അഫ്ഗാൻ പൗരർക്കും സുരക്ഷിത യാത്ര അനുവദിക്കാൻ താലിബാൻ സമ്മതിച്ചതായി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. എന്നാൽ, ചിലരെ വിമാനത്താവളത്തിന് പുറത്ത് തടഞ്ഞ് മർദിച്ച് തിരിച്ചയച്ചതായ റിപ്പോർട്ടുണ്ട്. വലിയ ആൾക്കൂട്ടമുണ്ടാകുമ്പോൾ നേരിടേണ്ടതെങ്ങനെയെന്നത് താലിബാനുമായി ചർച്ച ചെയ്തെന്നും സള്ളിവൻ പറഞ്ഞു.
താലിബാൻ, അഫ്ഗാൻ അഭയാർഥി വിഷയങ്ങളിൽ പൊതുനയം രൂപീകരിക്കാൻ ജി–- 7 യോഗം അടുത്തയാഴ്ച വെർച്വലായി ചേരും. യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കർ ചർച്ച നടത്തി.
വിസയില്ലാതെ കാബൂൾ വിട്ടുവരുന്ന നയതന്ത്രജ്ഞർ, വിദേശികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് രാജ്യത്തെത്തുമ്പോൾ വിസ അനുവദിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചു.