കട്ടപ്പന
വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കൊടുക്കുന്നതിന് 13,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭ റവന്യു ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. കൊട്ടാരക്കര സ്വദേശി ഷിജു അസീസാണ് അറസ്റ്റിലായത്. കട്ടപ്പന വെട്ടിക്കുഴക്കവല സ്വദേശി ജോഷി വള്ളിയാംതടത്തിലിന്റെ പരാതിയിലാണ് നടപടി.
ജോഷിയുടെ അമ്മയുടെ പേരിലേക്ക് മറ്റൊരാളിൽനിന്ന് വാങ്ങിയ വീടിന്റെ ഉടമസ്ഥാവകാശം മാറ്റാൻ നഗരടൊ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. 36 വർഷം മുമ്പാണ് 20 സെന്റ് സ്ഥലവും വീടും വാങ്ങിയത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയെങ്കിലും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. സർട്ടിഫിക്കറ്റ് ശരിയാക്കി നൽകാൻ 20,000 രൂപ ഷിജു ആവശ്യപ്പെടുകയായിരുന്നു. വീടും രേഖകളും പരിശോധിച്ചശേഷമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അത്രയും പണം കൈയിലില്ലെന്ന് പറഞ്ഞിട്ടും നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടു. പിന്നീട് 13,000 രൂപ നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ റവന്യു ഇൻസ്പെക്ടർ ഓഫീസിലേക്ക് വിളിപ്പിച്ചു. ഇതിനിടെ കോട്ടയം വിജിലൻസ് എസ്പിക്ക് ജോഷി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നഗരസഭാ ഓഫീസിലെത്തി. വിജിലൻസ് നൽകിയ പണം ഷിജുവിന് ജോഷി കൈമാറുന്നതിനിടെയാണ് പിടികൂടിയത്.