തിരുവനന്തപുരം
കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയടക്കം പ്രതിയായ സോളാർ ലൈംഗികപീഡന കേസിൽ സിബിഐ അടുത്ത ദിവസം പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കും. തുടർന്ന് തെളിവെടുത്ത് പ്രതികളെ ചോദ്യംചെയ്യും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശദാംശങ്ങളും സിബിഐ ശേഖരിക്കും. ലൈംഗികമായി പീഡിപ്പിച്ചെന്ന ഇരയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് സിബിഐ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി ഉൾപ്പെടെ ഏഴു പേർക്കെതിരെ എഫ്ഐആർ സമർപ്പിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എംപിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, ഉമ്മൻചാണ്ടിയുടെ സന്തത സഹചാരി കുരുവിള ജോൺ എന്നിവരാണ് മറ്റ് പ്രതികൾ.
പ്രതികൾക്കെതിരെ ലൈംഗികപീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ലൈംഗികപീഡനത്തിൽ ഇരയുടെ മൊഴി നിർണായകമാണ്. സാമ്പത്തികത്തട്ടിപ്പ് തെളിയണമെങ്കിൽ പണംകൈമാറ്റത്തിന്റെ രേഖകൾ കിട്ടണം. ഇതിനായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ അടക്കം പരിശോധിക്കും. എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ എന്നിവർക്കെതിരെ ഇര മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പും സിബിഐ ശേഖരിക്കും.