ന്യൂഡൽഹി
ഓർഡനൻസ് ഫാക്ടറി സ്വകാര്യവൽക്കരണത്തിനു വഴിയൊരുക്കുന്ന കോർപറേറ്റുവൽക്കരണത്തിനെതിരായ ജീവനക്കാരുടെ ചെറുത്തുനിൽപ്പിൽ ഐക്യം തകർത്ത് ഐഎൻടിയുസി. കോർപറേറ്റുവൽക്കരണം ജീവനക്കാർക്ക് ഗുണമാണെന്നും ഐഎൻടിയുസിയുടെ അവകാശവാദം. ഇടതുപക്ഷ ഫെഡറേഷനായ എഐഡിഇഎഫും ബിഎംഎസ് പിന്തുണയുള്ള ബിപിഎംഎസും ശക്തിയായി എതിർക്കുമ്പോഴാണ് ഐഎൻടിയുസിയുടെ നിലപാട് മാറ്റം.
രാജ്യത്തെ 41 ഓർഡനൻസ് ഫാക്ടറികളെ ഏഴ് കമ്പനികളാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ മൂന്ന് സംഘടനകളും അനിശ്ചിതകാല പണിമുടക്കിനു തയ്യാറെടുത്തിരുന്നു. പണിമുടക്കിനെതിരെ കേന്ദ്രം ഓർഡിനൻസ് ഇറക്കി. പ്രതിരോധ അവശ്യസേവന നിയമവും പാർലമെന്റിൽ പാസാക്കി. ഓർഡനൻസ് ഫാക്ടറികളുടെ സ്വകാര്യവൽക്കരണത്തിനുള്ള ഗൂഢാലോചനയാണിതെന്ന് രാജ്യസഭയിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചിരുന്നു.
തന്ത്രപ്രധാനമേഖലയിൽ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം മതിയെന്നാണ് കേന്ദ്രനയം. ഇപ്പോൾത്തന്നെ പ്രതിരോധവകുപ്പിൽ ഒമ്പത് പൊതുമേഖലാ കമ്പനികളുണ്ട്. ഓർഡനൻസ് ഫാക്ടറികളെ ഏഴ് കമ്പനികളാക്കിയാൽ 16 എണ്ണമാകും. കേന്ദ്ര നയത്തിൽ സ്വകാര്യവൽക്കരണം ഉറപ്പാണ്. ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഇടതുപക്ഷ ഫെഡറേഷനും ബിഎംഎസും വിഷയം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി ആരോപിക്കുന്നു.
ഐഎൻടിയുസി നിലപാട് അപലപനീയമാണെന്നും പ്രതിരോധ അവശ്യ സേവന നിയമത്തിനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണെന്നും എഐഡിഇഎഫ് ജനറൽ സെക്രട്ടറി സി ശ്രീകുമാർ പറഞ്ഞു.