ഓസ്‌ട്രേലിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ സംഭവിച്ചതാണ് അല്പം ശ്രദ്ധ വേണം എന്ന് പറയുന്നതിന്റെ പിന്നിൽ. 10 അടി നീളമുള്ള പെരുമ്പാമ്പാണ് സിഡ്‌നിയുടെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഗ്ലെനോറിയിലെ വൂൾവർത്ത്സ് സ്റ്റോറിൽ മസാലപ്പൊടികൾ വയ്ക്കുന്ന ഷെൽഫിൽ നിന്നും തലപുറത്തിട്ട് നിന്നത്. സംഭവത്തിന്റെ വീഡിയോ ഹിലാരി ലീ എന്ന് പേരുള്ള സ്ത്രീ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
“ഗ്ലെനോറി വൂൾവർത്ത്സിന് ഇന്ന് ഒരു ലോക്ക്ഡൗൺ കുറ്റവാളി ഉണ്ടായിരുന്നു. ക്യുആർ ചെക്ക് ഇൻ ഇല്ല, മാസ്ക് ഇല്ല. ഭാഗ്യവാനായ ഒരു സുന്ദരൻ കുറ്റവാളി (പെരുമ്പാമ്പ്). നല്ല ഭംഗിയുള്ള കുറ്റവാളിയെ സുരക്ഷിതമായി പരിപാലിച്ചു,” ഹിലാരി ലീ വിഡിയോയോടൊപ്പം കുറിച്ചു.
ഹെലൈന ആലത്തി എന്ന് പേരുള്ള പാമ്പ് പിടുത്തത്തിൽ വൈദഗ്ദ്യം നേടിയ സ്ത്രീ ആ സമയത്ത് സൂപ്പർ മാർക്കറ്റിലുണ്ടായിരുന്നതിനാൽ ആർക്കും പരിക്ക് പറ്റിയില്ല. ഉടൻ വീട്ടിലൊക്കോടിയ ഹെലൈന പാമ്പിനെ പിടിക്കാനുള്ള ഉപകരണങ്ങളുമായി എത്തി അതിഥിയെ സുരക്ഷിതമായി അടുത്തുള്ള കാറ്റിൽ വിട്ടു.
പാമ്പ് കുറച്ച് മണിക്കൂറുകളെങ്കിലും ഷെൽഫിൽ ഇരുന്നിരിക്കണം എന്ന് ഹെലൈന പറയുന്നു. സുഗന്ധ വ്യഞ്ജനങ്ങളുടെ മണം അസഹ്യമായതോടെയാവും കക്ഷി പുറത്തിറങ്ങാൻ ശ്രമിച്ചത്. വളരെ ശാന്തനായിരുന്നു പാമ്പ്. അതുകൊണ്ടാണ് നീളത്തിൽ ഒരു വടി പോലെ കക്ഷി നിന്നത് എന്നും ഹെലൈന പറയുന്നു.
അതെ സമയം എങ്ങനെയാണ് പാമ്പ് സൂപ്പർമാർക്കറ്റിൽ എത്തിയത് എന്നതിനെപ്പറ്റി ആർക്കും ഒരു വ്യക്തതയുമില്ല. സീലിംഗിൽ നിന്ന് താഴേക്ക് വീണതാവാനാണ് സാധ്യത എന്നാണ് ഹെലൈന പറയുന്നത്.