നിലമ്പൂർ: മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിലമ്പൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൈപിടിക്കാം കൂടെ നടത്താം പദ്ധതിയുടെ ഭാഗമായി കരുളായി ഗ്രാമപഞ്ചായത്തിലെ ആദിവാസി ഗോത്ര വിഭാഗത്തിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട്ഫോണുകളും ടാബുകളും സോളാർ പാനലുകളും ഉൾപ്പെടെയുള്ള ഉപകരങ്ങളാണ് നൽകിയത്.
പൂക്കോട്ടുംപാടം ഐ.സി.സി. ക്ലബ്ബ്, റോട്ടറി ക്ലബ്ബ് എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് മാഞ്ചീരി, മണ്ണള, മുണ്ടക്കടവ് എന്നീ ആദിവാസി ഗോത്ര വിഭാഗത്തിലെ വിദ്യാർഥികൾക്കായി ഓൺലൈൻ പഠനനോപകരണങ്ങൾ നൽകിയത്. മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി കെ. നൗഷാദലി ഉപകരണങ്ങൾ കൈമാറി.
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ അധ്യയന വർഷം മുതൽ ഗോത്ര വിഭാഗത്തിലെ വിദ്യാർഥികളുടെ പഠനം മുടങ്ങിയത് ശ്രദ്ധയിൽപ്പെട്ട നിലമ്പൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി അംഗങ്ങൾ ഈ വിവരം മേലധികാരികളെ ബോധിപ്പിക്കുകയും നിലമ്പൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി കെ.എൻ.സുഭാഷിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. പി.എൽ.വിമാരായ ഷീബ. ടി.കെ., അജേഷ്. കെ, പൂക്കോട്ടുംപാടം ഐ.സി.സി. ക്ലബ്ബ് ഭാരവാഹികളായ അമീർ പൊറ്റമ്മൽ, സഫീർ.കെ. തുടങ്ങിയവർ പങ്കെടുത്തു