തൃശൂർ > ജില്ലയിൽ പീച്ചി, ചിമ്മിനി, വാഴാനി മേഖലകളിൽ ചെറിയതോതിൽ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച പകൽ 2.40നാണ് 3.3 റെക്ടർ സ്കെയിലിൽ ഭൂചലനമുണ്ടായത്. സെക്കന്റുകൾ മാത്രം നീണ്ട ഭൂചലനത്തിനൊപ്പം പലയിടങ്ങളിലും വൻമുഴക്കമുണ്ടായി.
പീച്ചി, പട്ടിക്കാട്, പൂവൻചിറ, ചിമ്മിനിഡാം, എച്ചിപ്പാറ, പാലപ്പിള്ളി മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടതായി സമീപവാസികൾ പറഞ്ഞു. മുഴക്കം കേട്ടതോടെ പലരും വീടിന് പുറത്തിറങ്ങി നിന്നു. ചിമ്മിനിഡാമിനടുത്ത് വലിയ മുഴക്കംകേട്ടു. വീടിനടുത്ത് മുഴക്കംകേട്ടതായി പൂവൻചിറകണ്ണംകുളങ്ങര മോഹൻ പറഞ്ഞു. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ചയും തൃശൂർ ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി തിരുവനന്തപുരം ഭൗമശാസ്ത്രകേന്ദ്രത്തിലെ ഡോ. പത്മറാവു പറഞ്ഞു. നേരിയ ഭൂചലനമായതിനാൽ ഭയക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.