ടോക്യോ> ജനപ്രിയ ബൗദ്ധിക വ്യായാമമായ സുഡോകുവിന്റെ സ്രഷ്ടാവ് മാകി കാജി (69) അന്തരിച്ചു. മിറ്റാക്കയിലെ വീട്ടിൽ പത്തിനായിരുന്നു അന്ത്യം. അര്ബുദ ചികിത്സയിലായിരുന്നു. മാകിയുടെ പസില് മാസികയായ നിക്കോളിയുടെ വെബ്സൈറ്റിലൂടെയാണ് മരണവാര്ത്ത പുറത്തുവിട്ടത്. മാകിയെ സ്നേഹിച്ച ലോകമെമ്പാടുമുള്ള പസില് പ്രേമികള്ക്ക് നന്ദി അറിയിക്കുന്നതായും കമ്പനി അറിയിച്ചു.
പതിനെട്ടാം നൂറ്റാണ്ടിൽ സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോൺഹാർഡ് യൂലര് ആണ് സുഡോകുവിന് സമാനമായ കളി കണ്ടുപിടിച്ചത്. പിന്നീടിതിന്റെ ആധുനിക പതിപ്പ് അമേരിക്കയില് രൂപപ്പെടുത്തിയതായി പറയപ്പെടുന്നെങ്കിലും പസിൽ ജനപ്രിയമാക്കിയത് കാജിയാണ്.
അദ്ദേഹം തന്നെയാണ് ഒറ്റ അക്കം എന്നര്ഥം വരുന്ന സുഡോകു എന്ന ജാപ്പനീസ് പേര് പസിലിന് നിര്ദേശിച്ചതും. മാസികയുടെ വായനക്കാരുടെ ഉള്പ്പെടെ സഹായത്തോടെ പലഘട്ടത്തില് പസില് പരിഷ്കരിച്ച് കൂടുതല് ജനപ്രിയമാക്കുകയും ചെയ്തിരുന്നു.