മിലാന്‍. ലയണല്‍ മെസിയുടെ പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെ ഫുട്ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് മടങ്ങുന്നു എന്ന വാര്‍ത്തകളായിരുന്നു. ഇത്തരം പ്രചരണങ്ങളില്‍ താരം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കും മറുപടിയുമായി റൊണാള്‍ഡോ തന്നെ എത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് യുവന്റസ് താരത്തിന്റെ പ്രതികരണം.
“എന്നെ അറിയാവുന്ന ഏതൊരാൾക്കും ബോധ്യമുള്ള കാര്യമാണ് ഞാൻ എത്രമാത്രം കളിയോട് നീതി പുലര്‍ത്തുന്ന വ്യക്തിയാണെന്ന്. കുറച്ച് സംസാരവും കൂടുതൽ പ്രവർത്തനവും, എന്റെ കരിയറിന്റെ തുടക്കം മുതൽ ഇതാണ് ഞാന്‍ പിന്തുടരുന്നത്. പക്ഷെ, ഇപ്പോള്‍ പ്രചരിക്കപ്പെടുന്ന കാര്യങ്ങലില്‍ ഞാൻ എന്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്,” ക്രിസ്റ്റ്യാനൊ കുറിച്ചു.
“റയല്‍ മാഡ്രിഡിലെ എന്റെ ജീവിതം എഴുതി തീര്‍ന്നതാണ്. ട്രോഫികള്‍, ഗോളുകള്‍, വാക്കുകള്‍, റെക്കോര്‍ഡുകള്‍ എന്നിവയിലൂടെ റയലില്‍ ഞാന്‍ എന്തായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബെർണബ്യൂ സ്റ്റേഡിയത്തിലെ മ്യൂസിയത്തിലും ആരാധകരുടെ മനസിലും അതുണ്ട്. എല്ലാത്തിലും മുകളിലായി ഒന്‍പത് വര്‍ഷത്തെ ബന്ധത്തില്‍ എനിക്ക് റയലിനോട് ഇന്നും ബഹുമാനമാണുള്ളത്. റയല്‍ ആരാധകരുടെ ഹൃദയത്തില്‍ ഞാന്‍ എന്നും ഉണ്ടാകും, അവര്‍ എന്നിലും,” റൊണാള്‍ഡൊ കൂട്ടിച്ചേര്‍ത്തു.
“സത്യമറിയാന്‍ ആഗ്രഹിക്കാതെ പല മാധ്യമങ്ങളും ഞാന്‍ വിവിധ ലീഗിലേക്ക് ചേക്കാറാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ എഴുതി. ഞന്‍ മൗനം വെടിയുകയാണ്, എന്റെ പേര് ഉപയോഗിച്ച് കളിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ഞാന്‍ എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എത് വെല്ലുവിളി നേരിടാനും ഞാന്‍ തയാറാണ്. മറ്റുള്ളവയെല്ലാം വെറും സംസാരം മാത്രം,” താരം വ്യക്തമാക്കി.
Also Read: മെസി പിഎസ്‌ജിയുടെ കുപ്പായമണിഞ്ഞു; ഇനി നമ്പര്‍ 30
The post റയല്‍ എന്നും ഹൃദയത്തില്‍; മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനൊ appeared first on Indian Express Malayalam.