തിരുവനന്തപുരം
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ബദൽ നയങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകാൻ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് ശാസ്ത്ര–-സാങ്കേതിക, വിദ്യാഭ്യാസ മേഖലകളെ പ്രയോജനപ്പെടുത്തണമെന്നും നിർദേശിച്ചു. പുതിയ അഭിരുചിയുള്ള സമൂഹമാണിന്ന്. ഉന്നതവിദ്യാഭ്യാസ രംഗം ആധുനിക ശാസ്ത്ര–-സാങ്കേതിക പരിജ്ഞാനം പകരുംവിധം നവീകരിക്കണം. വൈജ്ഞാനിക സമൂഹമായി മാറ്റി തൊഴിൽ രംഗത്തും വളർച്ച നേടണം. നൈപുണ്യമുള്ളവർക്ക് ഇവിടെ തൊഴിൽ കണ്ടെത്താനാകണം. എല്ലാത്തരം മൂലധനത്തെയും ആകർഷിക്കാനാകണം. ത്രിതല പഞ്ചായത്തുകളെയും സഹകരണ സ്ഥാപനങ്ങളെയും യോജിപ്പിച്ച് താഴേത്തട്ടിലും കൂടുതൽ വികസനം നടത്താനാകണം.
കേന്ദ്രത്തിലെ ബിജെപി സർക്കാർ നടപ്പാക്കുന്നത് തീവ്രവർഗീയവൽക്കരണ അജൻഡകളും ആഗോളവൽക്കരണ നയങ്ങളുമാണ്. പൊതുമേഖലയെ തകർത്ത് തീവ്രസ്വകാര്യവൽക്കരണം നടപ്പാക്കുന്നു. കോവിഡിൽ ജനം ദുരിതത്തിലായപ്പോഴും കോർപറേറ്റുകളുടെ ലാഭം വർധിച്ചു. അതേ സാമ്പത്തികനയം തന്നെയാണ് കോൺഗ്രസിന്റേതും. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദലുകൾ സാധാരണ ജനങ്ങളുടെ താൽപ്പര്യങ്ങളാണ്. അവ കൂടുതൽ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ജനവിരുദ്ധ നയം:
സെപ്തം. 9ന്
2000 കേന്ദ്രത്തിൽ പ്രക്ഷോഭം
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ സെപ്തംബർ ഒമ്പതിന് 2000 കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ സിപിഐ എം ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. കർഷകരുടെ താൽപ്പര്യം ഹനിക്കുന്നതടക്കം നിഷേധാത്മക സമീപനമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്. ജനകീയ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പോലും അവസരം നൽകാതെ പാർലമെന്റിനെ നിശ്ശബ്ദമാക്കി.
ഫെഡറലിസത്തിനെതിരായ അതിക്രമം വർധിച്ചു. പെട്രോളിയം ഉൽപ്പന്നത്തിന്റെ വില തുടർച്ചയായി വർധിപ്പിക്കുന്നു. ഇതുവഴി രാജ്യത്താകമാനം വിലക്കയറ്റവും തൊഴിലില്ലായ്മയും പെരുകുന്നു. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭത്തിന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരിഹാസ്യമായ
ബഹിഷ്കരണം
ഡോളർ കടത്തുമായി ബന്ധപ്പെട്ട് വസ്തുതയ്ക്ക് നിരക്കാത്തവ ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയത് പരിഹാസ്യമായ ബഹിഷ്കരണമായിരുന്നുവെന്ന് ചോദ്യത്തിനു മറുപടിയായി എ വിജയരാഘവൻ പറഞ്ഞു. നിയമസഭയിൽ അടിയന്തരമായി ചർച്ച ചെയ്യേണ്ട ഒരു വിഷയമായിരുന്നോ അത്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത ആരോപണങ്ങൾഉന്നയിച്ച് സ്വയം ചെറുതാകുകയായിരുന്നു പ്രതിപക്ഷം. സോളാർ വിഷയത്തിൽ എന്താണ് കേസില്ലാത്തതെന്ന് ചോദിച്ചവർക്ക് സമാധാനമായി കാണുമെന്നും സിബിഐ എഫ്ഐആർ ഇട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.