കളമശേരി
ചാനലുകളിലെ പലായനദൃശ്യങ്ങൾ കാണുമ്പോൾ ഉള്ളിൽ തീയാണ്. ഉറ്റവരെയോർത്ത് കുസാറ്റ് ഹോസ്റ്റലിൽ ഉറങ്ങാതെ കാത്തിരിക്കുകയാണ് അഞ്ച് അഫ്ഗാൻ വിദ്യാർഥികൾ. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ പഠിക്കുന്ന ഇവർക്കൊപ്പം സഹപാഠികളുണ്ട്. എങ്കിലും ഉറ്റവരുടെ അവസ്ഥ എന്താണെന്നറിയാതെ വിഷമിക്കുന്ന ഇവരെ ആശ്വസിപ്പിക്കാൻ ആർക്കുമാകുന്നില്ല.
വിവിധ കോഴ്സുകളിലായി എട്ട് അഫ്ഗാൻ വിദ്യാർഥികൾ കുസാറ്റിലുണ്ടായിരുന്നു. മൂന്നുപേർ കോവിഡ് രണ്ടാംവ്യാപനത്തിനുമുമ്പ് നാട്ടിൽ പോയി. കുസാറ്റ് ഇന്റർനാഷണൽ സ്റ്റുഡന്റ്സ് ഹോസ്റ്റലിൽ താമസിക്കുന്ന ഇവരിൽ നാലുപേർ കാബൂൾ സ്വദേശികളാണ്. ഒരാൾ കാണ്ഡഹാർ സ്വദേശിയും. എംസിഎ വിദ്യാർഥി സഫർ, ബിടെക് ഐടി വിദ്യാർഥി ഹാദി, കംപ്യൂട്ടർ സയൻസ് വിദ്യാർഥി നസീർ, എൽഎൽബിക്ക് പഠിക്കുന്ന ഉമർ, സോഫ്റ്റ്വെയർ എൻജിനിയറിങ് എംടെക് വിദ്യാർഥിനി നഫാസ് എന്നിവരാണ് ഇവിടെയുള്ളത്. നാട്ടിൽ പെട്ടെന്നാണ് പലതും സംഭവിച്ചത്. കഴിഞ്ഞമാസം ഇത്തരമൊരു സ്ഥിതിയെക്കുറിച്ച് ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ‘ഓരോ മിനിറ്റിലും അവിടെ സ്ഥിതിഗതികൾ മാറുകയാണ്. താലിബാൻ കാബൂളിലേക്കെത്തുമെന്ന് കഴിഞ്ഞദിവസംവരെ കരുതിയതല്ല. സാധാരണക്കാർ വല്ലാതെ അനിശ്ചിതത്വത്തിലാണെന്ന വിവരമാണ് കിട്ടുന്നത്. ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. എല്ലാ സഹായങ്ങളുമായി എസ്എഫ്ഐ പ്രവർത്തകരുമുണ്ട്. നെറ്റ്വർക് പ്രശ്നങ്ങളുണ്ടെങ്കിലും ചൊവ്വാഴ്ച രാവിലെ കുടുംബവുമായി സംസാരിക്കാനായതിന്റെ ആശ്വാസവുമുണ്ട്’–- – വിദ്യാർഥികൾ പറഞ്ഞു.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പി എം ആർഷോ, കുസാറ്റ് സിൻഡിക്കറ്റ് അംഗം കെ വി പ്രജുൽ, എസ്എഫ്ഐ ഭാരവാഹികളായ എസ് കെ അനിരുദ്ധ്, അംജദ് സമൻ എന്നിവർ സഹപാഠികൾക്ക് സാന്ത്വനവുമായി ഒപ്പമുണ്ട്.