തിരുവനന്തപുരം
യുഡിഎഫിനെ മുൾമുനയിൽ നിർത്തി കേരളമാകെ ഇളക്കിമറിച്ച സോളാർ ലൈംഗിക പീഡന പരാതിയിൽ സിബിഐ കേസെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, എംപിമാരായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ എംഎൽഎ, ഉമ്മൻചാണ്ടിയുടെ സന്തത സഹചാരി തോമസ് കുരുവിള എന്നിവരാണ് മറ്റ് പ്രതികൾ. പ്രാഥമിക അന്വേഷണത്തിനും നിയമോപദേശത്തിനും ശേഷമാണ് സിബിഐ നടപടി.
ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസേ്ട്രേട്ട് കോടതിയിൽ അഞ്ചും എറണാകുളം കോടതിയിൽ ഒന്നും എഫ്ഐആർ അന്വേഷക സംഘം തലവൻ അഡീഷണൽ സൂപ്രണ്ട് സി ബി രാമദേവനാണ് ഫയൽ ചെയ്തത്. ഉമ്മൻചാണ്ടിക്കെതിരായ എഫ്ഐആറിലാണ് തോമസ് കുരുവിളയേയും പ്രതി ചേർത്തത്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. അനിൽകുമാറിനെതിരായ പരാതിയിലാണ് എറണാകുളത്ത് എഫ്ഐആർ.
ലൈംഗികാതിക്രമം, വഞ്ചനാ കുറ്റം, കുറ്റ കൃത്യങ്ങളിൽ പങ്കാളിയാകൽ എന്നിവയാണ് ഉമ്മൻ ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ ചുമത്തിയ കുറ്റം. മറ്റ് അഞ്ചുപേർക്കെതിരെയും സ്ത്രീത്വത്തെ അപമാനിച്ചതിനും അടൂർ പ്രകാശ് ഒഴികെയുള്ളവരുടെയെല്ലാംപേരിൽ ലൈംഗിക പീഡനത്തിനും കുറ്റംചുമത്തി. അടൂർപ്രകാശിനും അബ്ദുള്ളക്കുട്ടിക്കും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്തതിനുള്ള കുറ്റവുമുണ്ട്. വധഭീഷണി മുഴക്കിയെന്നതും അബ്ദുള്ളക്കുട്ടിക്കെതിരെയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിച്ച രണ്ട് കേസുകൾ ഇരയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി 24നാണ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്.