തിരുവനന്തപുരം
സോളാർ ലൈംഗിക പീഡനക്കേസിൽ കോൺഗ്രസ്, ബിജെപി നേതാക്കൾക്കെതിരായ പരാതി പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതെന്ന് സിബിഐ നിഗമനം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് സിബിഐ ഇൻസ്പെക്ടറുടെ പ്രാഥമിക അന്വേഷണത്തിലെ ഈ കണ്ടെത്തലിൽ. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അടുത്ത ദിവസംതന്നെ രേഖകൾ ഏറ്റുവാങ്ങും.
ജനുവരി 24 നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ച സോളാർ ലൈംഗിക പീഡന കേസ് സർക്കാർ സിബിഐക്ക് വിട്ടത്. നിയമോപദേശമടക്കം തേടിയാണ് സിബിഐ കേസെടുത്തത്. ക്രൈംബ്രാഞ്ച് രണ്ട് എഫ് ഐ ആർ ആണ് രജിസ്റ്റർ ചെയ്തതെങ്കിൽ സിബിഐ ആറ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗിച്ച് ക്ലിഫ് ഹൗസിൽവച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് ഉമ്മൻചാണ്ടിക്കെതിരായ പരാതി.
മന്ത്രിയായിരിക്കെ പീഡിപ്പിച്ചുവെന്നാണ് അടൂർ പ്രകാശിനെതിരെയും എ പി അനിൽകുമാറിനെതിരെയും പരാതി. മന്ത്രിയായിരിക്കെ എ പി അനിൽകുമാർ ഔദ്യോഗിക വസതിയായിരുന്ന റോസ് ഹൗസ്, ലെ മെറിഡിയൻ ഹോട്ടൽ, കേരള ഹൗസ് എന്നിവിടങ്ങളിൽവച്ച് നിരവധി തവണ പീഡിപ്പിച്ചു. കേന്ദ്ര മന്ത്രിയായിരിക്കെ കെ സി വേണുഗോപാൽ ബലാൽസംഗം ചെയ്തുവെന്നും എംഎൽഎ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൗസിലും വച്ച് ഹൈബി ഈഡൻ പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. അന്ന് യുഡിഎഫ് എംഎൽഎയായിരുന്ന എ പി അബ്ദുല്ലക്കുട്ടി മാസ്ക്കറ്റ് ഹോട്ടലിലാണ് പീഡിപ്പിച്ചത്.
ഈ സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മജിസ്ട്രേട്ടിന് ഇര രഹസ്യമൊഴിയും നൽകി. നേരത്തെ ഇര അട്ടക്കുളങ്ങര ജയിലിൽവച്ച് എഴുതിയ കത്തിലും ഇവരുടെ പേരുണ്ടായിരുന്നു. പ്രതികൾ കുറ്റം ചെയ്തതായി ജസ്റ്റിസ് ശിവരാജൻ കമീഷനും കണ്ടെത്തിയിരുന്നു.