തിരുവനന്തപുരം
സോളാർ കേസിൽ സിബിഐയുടെ കടന്നുവരവോടെ ഒരുപോലെ കുരുക്കിൽ വീണ് കോൺഗ്രസും ബിജെപിയും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും എഐസിസി ജനറൽ സെക്രട്ടറിയടക്കം മൂന്ന് എംപിമാരും അടക്കമുള്ള കോൺഗ്രസ് നിരയാണ് പ്രതിപ്പട്ടികയിൽ ഒരുഭാഗത്തെങ്കിൽ മറുപുറത്ത് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയാണ്.
യുഡിഎഫിനെ പിടിച്ചുലച്ച സോളാർ കേസിന്റെ ഗതിനിർണയിക്കുക സിബിഐ ആയിരിക്കുമെങ്കിലും അന്വേഷണവഴി കോൺഗ്രസിനെ മുൾമുനയിൽ നിർത്തും. കേന്ദ്ര ഏജൻസികൾക്ക് കണ്ണുംപൂട്ടി സ്വാഗതമോതിയ കേരളത്തിലെ കോൺഗ്രസ് നേതൃത്വം എന്ത് പറയുമെന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. ഏത് വിവാദത്തിലും സിബിഐയെന്ന മുറവിളിയാണ് കോൺഗ്രസും ബിജെപിയും ഉയർത്തിയിരുന്നത്.
സോളാർ കേസ് പ്രതിപക്ഷത്തെ ഉന്നമിട്ട് സർക്കാർ പൊടിതട്ടിയെടുത്തതല്ല. സിബിഐ അന്വേഷിക്കണമെന്ന ഇരയുടെ പ്രത്യേക പരാതി കേന്ദ്രത്തിന് കൈമാറുകയായിരുന്നു. ഒരു ഘട്ടത്തിലും അനാവശ്യമായി ഈ കേസ് ഉയർത്തി രാഷ്ട്രീയലാഭം കൊയ്യാനും സർക്കാർ ശ്രമിച്ചില്ല. മൊഴികളും ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടും പരിശോധിച്ചായിരിക്കാം ആറുമാസത്തിനുശേഷമാണ് അന്വേഷണത്തിന് സിബിഐ തീരുമാനിച്ചത്. അന്വേഷണഘട്ടത്തിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ മുന്നോട്ടുപോകുമോ എന്നതാണ് ഉയരുന്ന ചോദ്യം. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ കണ്ണിലെ കരടായ എ പി അബ്ദുള്ളക്കുട്ടിയെ തള്ളിപ്പറയാനായിരിക്കും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കൂട്ടരുടെയും ശ്രമം. പക്ഷെ ദേശീയ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയാണ്.
അബ്ദുള്ളക്കുട്ടിയെ പദവിയിൽനിന്ന് നീക്കിയാൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും പിടിച്ചുനിൽക്കാനാകില്ല. കോൺഗ്രസ് നേതൃത്വം ആ വഴിക്ക് ചിന്തിക്കുമോ എന്നതാണ് ചോദ്യം.
കാലം സാക്ഷി
സിബിഐ കേസിൽ ഉമ്മൻചാണ്ടിക്കും മറ്റുമെതിരെ നാൾവഴി തുറക്കുമ്പോൾ കാലം കാത്തുവച്ച കാവ്യനീതി കൂടിയുണ്ട്. 2006 മാർച്ച് ഒന്നിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമാണ് ഉമ്മൻചാണ്ടി സർക്കാർ ലാവ്ലിൻ കേസ് സിബിഐക്ക് വിട്ടത്. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് തള്ളിയായിരുന്നു ഈ രാഷ്ട്രീയ തീരുമാനം. എന്നാൽ രാഷ്ട്രീയ വേട്ടയാടലോ പകപോക്കലോ ഒന്നുമില്ലാതെ 15 വർഷം പിന്നിടുമ്പോൾ ഉമ്മൻചാണ്ടിയെയും കൂട്ടരെയും തേടി അതേ സിബിഐ വരികയാണ്. സാമ്പത്തിക തട്ടിപ്പിനും ലൈംഗിക ചൂഷണത്തിനും ഉമ്മൻചാണ്ടിയും കൂട്ടരും മറുപടി നൽകേണ്ടിവരും.