കോഴിക്കോട്
സ്ത്രീവിരുദ്ധമായി ലൈംഗികചുവ കലർന്ന പരാമർശം നടത്തിയവർക്ക് സംരക്ഷണം, പരാതി ഉന്നയിച്ച പെൺകുട്ടികൾക്ക് ശിക്ഷ–-എംഎസ്എഫ് വനിതാവിഭാഗം ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച് മുസ്ലിംലീഗ് നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കുന്നതൊന്നുമാത്രം–- പാർടിയുടെ സ്ത്രീവിരുദ്ധ സമീപനത്തിൽ മാറ്റമില്ല. സ്ത്രീപക്ഷ വിഷയത്തിൽ ലീഗ് നൽകുന്ന മോശമായ സന്ദേശമായേ ഹരിത പ്രവർത്തനം നിർത്തിവെപ്പിച്ചുള്ള നടപടിയെ വിലയിരുത്താനാകൂ.
പരാതി ഉന്നയിച്ച പത്ത് കുട്ടികളിൽ ഭൂരിഭാഗവും ലീഗ് നേതാക്കളുടെ മക്കളോ കുടുംബാംഗങ്ങളോ ആണ്. ലീഗ് കുടുംബത്തിലുള്ളവർക്ക് പോലും നീതി ലഭിക്കാത്തവിധം സംഘടനയിലെ അവസ്ഥ മോശമായി എന്നാണിത് തെളിയിക്കുന്നത്. ലീഗ് നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചിട്ടും പരിഗണിക്കാത്തതിനാലാണ് ഹരിത നേതാക്കൾ വനിതാ കമീഷനെ സമീപിച്ചത്. അതാണിപ്പോൾ വലിയ കുറ്റമായി നേതൃത്വം കണ്ടെത്തിയത്. പാർടി കോടതി എന്ന് പറഞ്ഞ് മുറ്റുള്ളവരെ അധിക്ഷേപിക്കാറുള്ള ലീഗ് അത്തരം ഒരു സംവിധാനം തങ്ങളുടെ പാർടിയിലുണ്ടെന്നാണിതിലൂടെ സൂചിപ്പിക്കുന്നത്.
അച്ചടക്ക നടപടിയുണ്ടാകില്ലെന്ന് എം കെ മുനീർ പറഞ്ഞ് മണിക്കൂറുകൾക്കകമാണ് നടപടി അറിയിപ്പ് പുറത്തുവന്നതെന്നത് ശ്രദ്ധേയം. കുട്ടി അഹമ്മദ് കുട്ടിയടക്കമുള്ളവരും വനിതാലീഗ് നേതാക്കളിൽ ചിലരും പരാതി ചർച്ചചെയ്യണമെന്ന അഭിപ്രായക്കാരാണ്. സംസ്ഥാന പ്രസിഡന്റിനെതിരായ എംഎസ്എഫ് അഖിലേന്ത്യ പ്രസിഡന്റ് ടി പി അഷ്റഫലി നൽകിയ റിപ്പോർട്ടും പരിഗണിച്ചില്ല. ഇതെല്ലാം ലീഗിൽ ശക്തമായിട്ടുള്ള ഗ്രൂപ്പിസത്തിന് ആക്കം കൂട്ടും. പി കെ കുഞ്ഞാലിക്കുട്ടി പക്ഷത്തിനെതിരെ പുതിയ ആയുധമായും ഇത് മാറും. ബുധനാഴ്ച ചേരുന്ന ഉപസമിതി യോഗത്തിലും ഈ വിഷയങ്ങൾ ഇടംപിടിക്കും.